ഗതാഗതമന്ത്രിയുടെ അദാലത്ത്; 718 പരാതികള്‍ക്ക് പരിഹാരം

Spread the love

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പില്‍ തീര്‍പ്പാകാതെ കിടന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ കോട്ടയത്തു നടത്തിയ പ്രഥമ മോട്ടോര്‍ വാഹന പരാതിപരിഹാര അദാലത്ത് ‘വാഹനീയം 2021’ലൂടെ 718 പരാതികള്‍ പരിഹരിച്ചു. മൊത്തം 758 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 40 പരാതി അടിയന്തരമായി പരിഹരിക്കുന്നതിന് നിര്‍ദ്ദേശിച്ചു.
കെ.പി.എസ്. മേനോന്‍ ഹാളില്‍ നടന്ന അദാലത്ത് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. അധികാരം ജനങ്ങളിലേക്കിറങ്ങി വന്ന അനുഭവമാണ് മുഖാമുഖമുള്ള അദാലത്തുകളെന്ന് മന്ത്രി പറഞ്ഞു.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കാനും ലൈസന്‍സ് പുതുക്കാനുമുള്ള സംവിധാനം നടപ്പാക്കിയാല്‍ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് അപേക്ഷകരെ മോചിപ്പിക്കാം. ഇടപാടുകാര്‍ നേരിട്ട് വന്നാലേ അപേക്ഷ തീര്‍പ്പാക്കൂവെന്ന് വകുപ്പിലെ ജീവനക്കാര്‍ തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍.സി. ബുക്ക് എന്നിവ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറ്റാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അധ്യക്ഷതവഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെത്താതെ വീട്ടിലിരുന്നു തന്നെ അപേക്ഷ സമര്‍പ്പിക്കാനും ഓരോ ഘട്ടത്തിലും അപേക്ഷയുടെ തല്‍സ്ഥിതി മനസിലാക്കാനും സാധിക്കുന്ന നിലയില്‍ വകുപ്പിന്റെ ഓണ്‍ലെന്‍ സേവനങ്ങള്‍ സുതാര്യമാക്കും. ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുമെന്നും പതിനാലു ജില്ലകളിലും അദാലത്തുകള്‍ സംഘടിപ്പിച്ച് പൊതുജനങ്ങളുടെ പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എ.എല്‍.എ., നഗരസഭാംഗം സിന്‍സി പാറേല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്ത് കുമാര്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉടമസ്ഥന്റെ മേല്‍വിലാസത്തില്‍ അയച്ചിട്ട് വിവിധ കാരണങ്ങളാല്‍ കൈപ്പറ്റാതെ തിരിച്ചുവന്ന ആര്‍.സി. ബുക്കും ലൈസന്‍സുകളുമടങ്ങുന്ന 258 രേഖകള്‍ ഉടമസ്ഥര്‍ക്കു കൈമാറി. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഒറ്റത്തവണ തീര്‍പ്പാക്കലില്‍ ഉള്‍പ്പെടുത്തി തീരുമാനിക്കേണ്ട പരാതികള്‍ അടിയന്തരമായി സര്‍ക്കാരിലേക്ക് ശിപാര്‍ശചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *