ഇന്ത്യന്‍ അമേരിക്കന്‍ ഗൗതം രാഘവനെ വൈറ്റ് ഹൗസ് പേഴ്‌സണല്‍ ചീഫായി ബൈഡന്‍ നിയമിച്ചു

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഗൗതം രാഘവനെ പുതിയ വൈറ്റ് ഹൗസ് പേഴ്‌സണല്‍ ചീഫായി പ്രസിഡന്റ് ബൈഡന്‍ നിയമിച്ചു. കാതറിന്‍ റസ്സലിനെ യുഎന്‍ വെല്‍ഫെയര്‍ ഓഫ് ചില്‍ഡ്രന്‍ അധ്യക്ഷയായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് നിയമിച്ചതോടെ ഒഴിവ് വന്ന സ്ഥാനത്തേക്ക് ഗൗതം രാഘവനെ നിയമിക്കുകയായിരുന്നു.

ബൈഡന്‍ ട്രാന്‍സിഷന്‍ ടീം ആദ്യമായി നിയമനം നല്‍കിയ വ്യക്തിയാണ് ഗൗതം. പ്രസിഡന്‍ഷ്യല്‍ അപ്പോയിന്റ്‌മെന്റ് ഡപ്യൂട്ടി തലവനായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പ്രസിഡന്റിന്റെ പേഴ്‌സണല്‍ ഓഫീസ് ഡെപ്യൂട്ടി അസിസ്റ്റാന്റായും പ്രവര്‍ത്തിച്ചു. പുതിയ സ്ഥാനം ലഭിക്കും മുമ്പ് വൈറ്റ് ഹൗസ് പേഴ്‌സണല്‍ ഓഫീസ് അധ്യക്ഷ കാതറിന്‍ റസ്സലിന്റെ ഡപ്യൂട്ടിയായിരുന്നു.

ഇന്ത്യയില്‍ ജനിച്ച ഗൗതം വാഷിംഗ്ടണിലെ സിയാറ്റിലിലായിരുന്നു വളര്‍ന്നത്. സ്റ്റാഫോര്‍ഡ് യൂണിവേഴ്‌സിറ്റ് ഗ്രാജ്വേറ്റാണ്. പരസ്യമായി ‘ഗേ’ (സ്വര്‍ഗ്ഗാനുരാഗി) എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഗൗതം ഭര്‍ത്താവും ഭര്‍ത്താവും മകളുമായി വാഷിംഗ്ടണിലാണ് താമസിക്കുന്നത്.

ലസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലന്റര്‍ കമ്യൂണിറ്റിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിന് ബരാക് ഒബാമ ഗൗതമിനെ നിയമിച്ചിരുന്നു.

Leave Comment