ഉന്നത സേവനത്തിന് റെയ്ച്ചല്‍ മാത്യു (ജെസി) നേഴ്‌സ് ഓഫ് ദി ഇയര്‍ 2020-2021 പുരസ്‌കാരം നേടി

Spread the love

ന്യൂയോര്‍ക്ക്: ആതുര ശുശ്രൂഷാ രംഗത്തെ അളവറ്റ സേവനത്തിന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ദി മെന്റല്‍ ഹെല്‍ത്തിന്റെ ‘നേഴ്‌സ് ഓഫ് ദി ഇയര്‍ 2020-2021’ അവാര്‍ഡ് റെയ്ച്ചല്‍ മാത്യു (ജെസി) RN, BSN കരസ്ഥമാക്കി. റോക്ക്‌ലാന്‍ഡ് സൈക്യാട്രിക് സെന്ററിലെ മെന്റല്‍ ഹെല്‍ത്ത് നേഴ്‌സായ റെയ്ച്ചല്‍ മാത്യുവിന്റെ ഇതുവരെയുള്ള ഔദ്യോഗിക പ്രവര്‍ത്തന മികവും കോവിഡ് 19 വ്യാപനത്തില്‍ സ്വജീവന്‍ അവഗണിച്ച് രോഗികളെ പരിചരിക്കാന്‍ തയ്യാറായതും പരിഗണിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്.

രോഗികളുടെയും ആശുപത്രി സ്റ്റാഫുകളുടെയും ട്രീറ്റ്‌മെന്റ് ടീമിലെ സഹപ്രവര്‍ത്തകരുടെയും സുരക്ഷാ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിക്കൊണ്ടുള്ള സേവനമാണ് റെയ്ച്ചല്‍ മാത്യുവിന്റേത്. റെയ്ച്ചലിന്റെ മഹനീയ സേവനത്തിനും അര്‍പണ മനോഭാവത്തിനും കഠിനാധ്വാനത്തിനും മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് ചീഫ് എക്‌സിക്യൂട്ടീവ് നേഴ്‌സിങ് ഓഫീസര്‍ മാക്‌സിന്‍ എം സ്മാളിങ് MS, BS-N, RN, അസോസിയേറ്റ് കമ്മീഷണര്‍ അനിത ഡാനിയേല്‍സ് MS, RN-BC, ചീഫ് മെഡിക്കല്‍ ഓഫീസര്‍ തോമസ് സ്മിത്ത് MD, കമ്മിഷണര്‍ ആന്‍ മേരി റ്റി സുള്ളിവന്‍ MD എന്നിവര്‍ ഒപ്പുവച്ച പ്രശംസാ പത്രത്തില്‍ പറയുന്നു.

2020 മെയ്മാസത്തില്‍ റെയ്ച്ചല്‍ മാത്യുവിനെ ‘പേഴ്‌സണ്‍ ഓഫ് ദ വീക്ക്’ ആയി ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ദി മെന്റല്‍ ഹെല്‍ത്ത് തിരഞ്ഞെടുത്തിരുന്നു. അമേരിക്കയില്‍ കൊറോണ വ്യാപനം അതീവ ഗുരുതരമായ അവസ്ഥയില്‍ പടരുമ്പോള്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരെ അധികൃതര്‍ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ താന്‍ നിലവില്‍ ചെയ്യുന്ന ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും റേച്ചല്‍ മാത്യു തന്റെ ആശുപത്രിയിലെ കോവിഡ് പേഷ്യന്റ് കെയര്‍ വിഭാഗത്തില്‍ ജോലി ചെയ്യാന്‍ സ്വയം മുന്നോട്ട് വരികയായിരുന്നു.

കോവിഡ് ബാധിച്ച് നിരവധി പേര്‍ മരിച്ചുകൊണ്ടിരുന്ന സമയത്താണ് ഹൈ റിസ്‌ക്കുള്ള ജോലി സന്തോഷത്തോടെ ഏറ്റെടുത്ത് റേച്ചല്‍ രോഗികളെ പരിചരിച്ചത്. തനിക്ക് ലഭിച്ച അംഗീകാരം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്നും കൂടുതല്‍ ഉത്തരവാദിത്വത്തോടെ തുടര്‍ന്നും സേവനം ചെയ്യുമെന്നും റേച്ചല്‍ പറഞ്ഞു. നടനും എഴുത്തുകാരനുമായ സണ്ണി കല്ലൂപ്പാറയുടെ പത്‌നിയാണ് റേച്ചല്‍ മാത്യു. വിദ്യാര്‍ത്ഥികളായ ജെയ്‌സന്‍, ജോര്‍ഡന്‍, ജാസ്മിന്‍ എന്നിവര്‍ മക്കള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *