കേരളത്തിലുടനീളം 50 പുതിയ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കും; അതിലൂടെ 4000 തൊഴില്‍ അവസരങ്ങള്‍
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനും പദ്ധതി
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ഡിജിറ്റല്‍ റീട്ടെയ്ല്‍ സ്റ്റോറായ മൈജിയുടെ 100-ാം സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ഈ മാസം 22-ന് പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന മികച്ച സേവനം ലഭ്യമാക്കുന്ന ഇലക്ട്രോണിക്‌സ് ഡീലര്‍ എന്ന നിലയില്‍ സംസ്ഥാനത്ത് കൂടുതല്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനായി 500 കോടിയോളം രൂപ നിക്ഷേപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ സംരംഭങ്ങള്‍ക്ക് ഏറെ സഹായകരമാണ് കേരളത്തിലെ ബിസിനസ് അന്തരീക്ഷം. 2023-ഓടെ കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ 50 മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി 2022 തുടക്കത്തില്‍ സംസ്ഥാനത്ത് പുതിയ ഏഴ് മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കും. ബിസിനസ് വ്യാപനത്തിന് പുറമേ മൈജിയുടെ ഏറ്റവും വലിയ സ്വപ്‌നം ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ്. കേരളത്തില്‍ 50 പുതിയ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കുന്നതോടെ 4000 മലയാളികള്‍ക്ക് ജോലി ലഭ്യമാക്കാന്‍ കഴിയും. നിലവില്‍ 2000 പേരാണ് മൈജിയുടെ വിവിധ സ്റ്റോറുകളിലായി ജോലി ചെയ്യുന്നത്.
ഓരോ വീടുകളിലും മൈജിയുടെ സാന്നിധ്യവും ബിസിനസ് വ്യാപനവും ആഘോഷിക്കുന്നതിനായി ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാലിനൊപ്പം ഇനി മഞ്ജു വാര്യരും ചേരും. ‘മൈജിയുടെ ബ്രാന്‍ഡ് പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനായി മോഹന്‍ലാല്‍ വലിയ പങ്ക് വഹിച്ചു വരികയാണ്. ബ്രാന്‍ഡിന്റെ മുഖമെന്ന നിലയ്ക്ക് ഭാവിയിലെ എല്ലാ സംരംഭങ്ങളിലും തുടര്‍ന്നും മോഹന്‍ലാല്‍ മൈജിക്കൊപ്പമുണ്ടാകും. ഗൃഹോപകരണങ്ങളുടെ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുന്നതും തീരുമാനം എടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതും സ്ത്രീകളാണെന്നാണ് ഞങ്ങളുടെ വിശ്വാസം. മലയാളി സ്ത്രീയുടെ കരുത്തിന്റെ പ്രതീകമാണ് മഞ്ജു വാര്യര്‍. ചെയ്യുന്ന ജോലിയില്‍ മികവും വിശ്വാസ്യതയും പുലര്‍ത്തുന്നതില്‍ അവര്‍ കാണിക്കുന്ന ആത്മാര്‍ഥത മൈജിയുടെ മൂല്യങ്ങളുമായി യോജിച്ചു പോകുന്നതാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കാനായി മറ്റൊരാളെക്കുറിച്ചും ചിന്തിക്കാനാകുമായിരുന്നില്ല. മഞ്ജുവുമായി സഹകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്,’ എ.കെ. ഷാജി പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങള്‍ എത്തിക്കുന്നതിനായി സ്വന്തം ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും മൈജിക്ക് പദ്ധതിയുണ്ട്. ന്യായമായ വിലയും ഉയര്‍ന്ന ഗുണനിലവാരവും ഉറപ്പാക്കുന്നതോടൊപ്പം മികച്ച സേവനവും മൈജി ലഭ്യമാക്കും. ഉത്പന്നങ്ങളും സേവനവും മെച്ചപ്പെടുത്താനായി ശക്തമായ മാര്‍ക്കറ്റിങ്, റിസേര്‍ച്ച് ടീം മൈജിക്കുണ്ട്. സമീപ ഭാവിയില്‍ തന്നെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനും മൈജിക്ക് പദ്ധതിയുണ്ടെന്ന് എ.കെ. ഷാജി അറിയിച്ചു. നൂതന സാങ്കേതികവിദ്യയിലൂന്നിയ പുതിയ ഉത്പന്നങ്ങളും ഷോറൂം ശൃംഖലയും കൈമുതലാക്കി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് റീട്ടെയ്ല്‍ ശൃംഖലയില്‍ ഒന്നാവുക എന്നതാണ് മൈജിയുടെ ലക്ഷ്യമെന്നും എ.കെ. ഷാജി വ്യക്തമാക്കി.
കുടുംബവുമൊത്ത് മികച്ച ഗാഡ്ജറ്റുകളും സ്മാര്‍ട്ട് ഫോണുകളും വാങ്ങാന്‍ സൗകര്യപ്രദമായ ഷോറൂം എന്ന നിലയ്ക്ക് 2006-ല്‍ 3ജി മൊബൈല്‍ വേള്‍ഡെന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച മൈജി ഇന്ന് കേരളത്തിലെ തന്നെ പ്രമുഖ ഗാഡ്ജറ്റ് റീട്ടെയ്ല്‍ ശൃംഖലയായി മാറിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ ശേഖരവുമായി 70 ലക്ഷത്തിലേറെ സംതൃപ്ത ഉപഭോക്താക്കളുണ്ട് മൈജിക്ക്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് പുറമേ ടിവി, റഫ്രിജറേറ്റര്‍, എസി, വാഷിങ് മെഷീന്‍ തുടങ്ങി വിവിധ ഗൃഹോപകരണങ്ങളും മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ലഭ്യമാക്കുന്നുണ്ട്. കേരളത്തില്‍ 100 സര്‍വീസ് സെന്ററുകളുള്ള മൈജി കെയര്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഗാഡ്ജറ്റ് പ്രൊട്ടക്ഷനും സര്‍വീസും ഉറപ്പാക്കുന്നു. ഇതിനായി വിദഗ്ധ ടെക്‌നീഷ്യന്‍മാര്‍ അടങ്ങുന്ന ടീം മൈജി കെയറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. എക്‌സ്റ്റെന്‍ഡഡ് വാറണ്ടി, ഗാഡ്ജറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍, മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍ തുടങ്ങി നിരവധി മൂല്യവര്‍ധിത സേവനങ്ങളും മൈജി ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേ 0% പലിശയോടെയും സീറോ ഡൗണ്‍ പേയ്‌മെന്റോടെയും 100% ഫൈനാന്‍സ് പോലുള്ള ഇഎംഐ ഓഫറുകളും ലഭ്യമാക്കുന്നു. കൂടാതെ എക്‌സ്പ്രസ് ഡെലിവറി സര്‍വീസോടെയുള്ള ഉപഭോക്തൃ സൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും myg.in മൈജിക്കുണ്ട്.