ദക്ഷിണ മൂകാബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ശ്രീ മൂകാബികാ ക്ഷേത്രത്തിലെ തീർഥാടക വിശ്രമ കേന്ദ്രത്തിനും അക്ഷരോദ്യാനത്തിനുമായി രണ്ടര കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ച് ഉത്തരവായി. തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി 373,53,746 രൂപയുടെ പ്രൊജക്ട്ടാണ് ടൂറിസം വകുപ്പ് സമർപ്പിച്ചത്. ഇതിൽ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാനുള്ള പ്രവൃത്തികൾക്കാണ് ഇപ്പോൾ ഭരണാനുമതി നൽകി തുക അനുവദിച്ചതെന്ന് കെ.വി സുമേഷ് എം.എൽ.എ അറിയിച്ചു.
ദക്ഷിണ മൂകാബിക എന്നറിയപ്പെടുന്ന, ഇരുപതിനായിരത്തോളം കുട്ടികൾ വർഷംതോറും എഴുത്തിനിരുത്താൻ വരുന്ന, തീർത്ഥാടന ടൂറിസത്തിൽ വിശ്വാസികളുടെ പ്രധാന കേന്ദ്രമായ പള്ളിക്കുന്ന് ശ്രീ മൂകാബിക ക്ഷേത്രവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 11ന് നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ കെ.വി സുമേഷ് എം.എൽ.എ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്ന് ആർക്കിടെക്ടിനെ ചുമതപ്പെടുത്തിയ വിവരം മറുപടിയായി ടൂറിസം വകുപ്പ് മന്ത്രി അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ടൂറിസം വകുപ്പ് സമർപ്പിച്ചു.
വർഷത്തിൽ എല്ലാ ദിവസവും ആദ്യാക്ഷരം കുറിക്കുന്ന ക്ഷേത്രമാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പള്ളിക്കുന്ന് ശ്രീ മൂകാബിക ക്ഷേത്രം. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി വരുന്ന ഒട്ടനവധി പേർക്ക് ആദ്യാക്ഷരം കുറിക്കാൻ സാധിക്കുന്ന അക്ഷരോദ്യാനമാണ് ഈ പ്രൊജക്ടിലെ പ്രധാനം. ആദ്യാക്ഷരം കുറിക്കാൻ വരുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സഹായകമായി ഇത് മാറും എന്ന് പ്രതീക്ഷിക്കുന്നു.