സ്ത്രീധനത്തിനെതിരെ സ്ത്രീപീഡനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടിക്ക് ഇന്ന് (ഡിസംബർ 18) തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
സമൂഹത്തിൽ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവർത്തനങ്ങളെയും ചിന്തകളെയും മറ്റും ഇല്ലാതാക്കാനുതകുന്ന സർവതല സ്പർശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയർത്തിക്കൊണ്ടുവരുന്നത്. ഡിസംബർ 18 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8വരെ നീണ്ടുനിൽക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും പിന്നീട് തുടർപരിപാടികളും സ്ത്രീപക്ഷ നവകേരളത്തിനായി സംഘടിപ്പിക്കും.
ഉദ്ഘാടന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു, ക്ഷീരവികസന, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ആരോഗ്യ, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്, വനിതാ കമ്മീഷൻ അധ്യക്ഷപി സതീദേവി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. സ്ത്രീപക്ഷ നവകേരളത്തിന്റെ ക്യാമ്പയിൻ അംബാസഡർ പ്രശസ്ത അഭിനേത്രി നിമിഷാ സജയനാണ്. ഉദ്ഘാടന പരിപാടിയിലും തുടർന്ന് ക്യാമ്പയിന്റെ വിവിധ ഘട്ടങ്ങളിലും അവരുടെ സാന്നിധ്യം ഉണ്ടാവും.
പതിനാല് ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാന തല ഉദ്ഘാടന വേദിയിൽ സ്ത്രീപക്ഷ നവകേരളത്തിന്റെ സമീപന രേഖ പ്രകാശനം ചെയ്യും. സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയുമെടുക്കും. ജില്ലാ തലത്തിലും എല്ലാ തദ്ദേശഭരണ സ്ഥാപന തലത്തിലും ഇരുപത്തിരണ്ടായിരത്തിലേറെ വാർഡ് തലങ്ങളിലും സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കും. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെയുള്ള പ്ലക്കാർഡുകളേന്തി അയൽക്കൂട്ട അംഗങ്ങൾ വാർഡ് തലത്തിൽ സമ്മേളിക്കും. വാർഡുകളിലുള്ള കുടുംബശ്രീ പ്രവർത്തകർക്ക് സംസ്ഥാന തല ഉദ്ഘാടന പരിപാടി തത്സമയം കാണാനുള്ള സൗകര്യമൊരുക്കും. യുവതീ ഓക്സിലറി ഗ്രൂപ്പംഗങ്ങൾ, യുവജനങ്ങൾ, കുടുംബാംഗങ്ങൾ, സാമൂഹ്യ – സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളാകും.
പോസ്റ്റർ ക്യാമ്പയിൻ, സ്ത്രീധനത്തിനെതിരായ സോഷ്യൽ മീഡിയാ ചലഞ്ച്, റീൽസ് വീഡിയോ തയ്യാറാക്കൽ തുടങ്ങി സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള പ്രചരണങ്ങൾ, ചുവർചിത്ര ക്യാമ്പെയിൻ, കോളേജ് വിദ്യാർത്ഥികൾക്കുള്ള വെബിനാറുകൾ, സ്ത്രീധനം സംബന്ധിച്ച അഭിപ്രായ സർവേ, ഇരുചക്ര വാഹന റാലി, ബാലസഭകൾ, സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടിയുളള പോസ്റ്റർ ക്യാമ്പയിൻ, കാർട്ടൂൺ സീരീസ്, സ്ത്രീധനത്തിനെതിരെയുള്ള സിഗ്നേച്ചർ ക്യാമ്പയിൻ തുടങ്ങി വിവിധ തലങ്ങളിലുള്ള പരിപാടികൾ സംഘടിപ്പിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കുന്നത്.