തിരുവനന്തപുരം: കേരളത്തിലെ സ്ത്രീധന പ്രശ്നങ്ങളില്‍ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പ്രദേശത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടാകുമ്പോള്‍ കുടുംബശ്രീയുടെ ഇടപെടല്‍ ഉണ്ടാവണം. തിന്മയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയുന്നവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരണം. വിവാഹാലോചന ഘട്ടത്തില്‍ സ്ത്രീധന ചര്‍ച്ച വന്നാല്‍ അതിന് എതിരെ പ്രതികരിക്കണം. വിവാഹ ശേഷമാണ് സ്ത്രീധന വിഷയം വരുന്നതെങ്കില്‍ നാടിനെയാകെ ഇടപെടീക്കാനുള്ള ശ്രമം കുടുംബശ്രീയുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. ഏറ്റവും വലിയ സാമൂഹ്യ ഉത്തരവാദിത്തമാണത്. സമൂഹത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ശക്തികളും ഇതില്‍ കുടുംബശ്രീയ്ക്കൊപ്പം അണിചേരും. ഇത്തരം തിന്മകള്ക്കെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ സംവിധാനവും ഒപ്പം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെറ്റിനെതിരെ പ്രതികരിക്കാന്‍ ഓരോ യുവതിയെയും പ്രാപ്തമാക്കണം. സമൂഹത്തിന്റെ പൊതുബോധം ഉയര്‍ത്തുന്നതിനുള്ള ഇടപെടലുകളാണ് ആവശ്യം.
നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുടെ ഫലമായി സ്ത്രീകള്‍ക്ക് സമൂഹത്തില്‍ വലിയ തോതില്‍ മുന്നേറാന്‍ കഴിഞ്ഞു. ഇന്ന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ മുമ്പ് അങ്ങനെയായിരുന്നില്ല. ഒരു കാലത്ത് കുട്ടിത്തം മാറും മുമ്പേ വിവാഹം നടത്തുന്ന സാഹചര്യമായിരുന്നു. ചെറുപ്പത്തിലേ വിധവയായാലും പുനര്‍വിവാഹനവും സാധ്യമായിരുന്നില്ല. പിതാവിന്റെ സ്വത്തില്‍ പെണ്മക്കള്ക്ക് അവകാശവും നല്‍കിയിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് വലിയ തോതില്‍ വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെല്ലാമെതിരെ വലിയ പ്രക്ഷോഭം സമൂഹത്തില്‍ ഓരോ ഘട്ടത്തിലും ഉയര്‍ന്നു വന്നിട്ടുണ്ട്.ജാതിമതഭേദമന്യേ എല്ലാവരും ഒന്നിച്ചു നിന്ന് വിവിധ മാറ്റങ്ങള്‍ക്കായി ശ്രമിച്ച ചരിത്രമാണ് കേരളത്തില്‍ കാണാനാവുക. കര്‍ഷക തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കുമെല്ലാം നേട്ടം സ്വന്തമാക്കാനായത് കൂട്ടായി നിന്ന് പ്രവര്‍ത്തിച്ചതിനാലാണ്. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, അയ്യന്‍കാളി, അയ്യാവൈകുണ്ഠ സ്വാമി തുടങ്ങിയ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ വിവിധ രീതികളില്‍ സമൂഹത്തിന്റെ തിന്മകള്ക്കെതിരെ പോരാട്ടത്തിന് നേതൃത്വം നല്കി. സംസ്ഥാനത്ത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുടര്‍ച്ചയുണ്ടായി. ദേശീയ, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നവോത്ഥാന മുദ്രാവാക്യം ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി വലിയ തോതിലുള്ള ഇടപെടല്‍ വര്‍ഗസമരത്തിന്റെ രൂപത്തില്‍ കേരളത്തില്‍ രൂപപ്പെട്ടു. കൃത്യമായ പിന്തുടര്ച്ച കേരളത്തില്‍ ഉണ്ടായതിനാലാണ് ഇവിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരില്‍ നിരവധി പരാതികളാണ് ഉയര്‍ന്നു വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. സ്ത്രീധനത്തിനെതിരെ യുവാക്കളും മുന്നോട്ടു വരണം. സ്ത്രീകള്‍ വീട്ടില്‍ ചെയ്യുന്ന ജോലികള്‍ക്ക് അതിന്റേതായ മൂല്യമുണ്ട്. ഇരുവരും ചേര്‍ന്ന് കുടുംബത്തെ പോറ്റുന്നു എന്ന തരത്തില്‍ ജനാധിപത്യപരമായ ചിന്ത പുരുഷന് ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു.സ്ത്രീപക്ഷ നവകേരളം പരിപാടി സ്ത്രീ സമൂഹത്തിന് വലിയ ഊര്‍ജവും കരുത്തും പകരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സ്ത്രീകള്‍ക്ക് എതിരായ അതിക്രമം തടയാന്‍ പലതലത്തിലുള്ള ഇടപെടല്‍ അനിവാര്യമാണ്. സ്ത്രധനത്തിന് എതിരായ ചെറുത്തുനില്‍പ്പിന് സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാവണം. മികച്ച വിദ്യാഭ്യാസം നല്കി സ്വന്തം കാലില്‍ നില്ക്കാന് പെണ്‍കുട്ടികളെ പ്രാപ്തരാക്കണമെന്ന് മന്ത്രി പറഞ്ഞു. പരിപാടിയുടെ സമീപന രേഖ മന്ത്രി പ്രകാശനം ചെയ്തു.