ശിശുമരണങ്ങള്‍ നടന്നിട്ടുള്ള അട്ടപ്പാടിയിലെ ഊരുകളിലും, ഷോളയാര്‍ കുടുംബാരോഗ്യകേന്ദ്രത്തിലും, അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദര്‍ശനം നടത്തുകയും, ഊരുനിവാസികളുമായും, ജനപ്രതിനിധികളുമായും, ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുമായും സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കത്താണു രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയത്. നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
1. അട്ടപ്പാടിയുടെ സമഗ്ര വികസനത്തിനുതകുന്ന ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
2. ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഇതിന്റെ നിര്‍വ്വഹണത്തിനായി ചുമതലപ്പെടുത്തണം.
3. അട്ടപ്പാടിയിലെ സാമൂഹിക-സാമ്പത്തിക-കാര്‍ഷിക- ആരോഗ്യ മേഖലകളിലെ പ്രതിസന്ധികള്‍ വിലയിരുത്തി അത് തരണം ചെയ്യുന്നതിനുള്ള ശാശ്വതമായ കര്‍മ്മപരിപാടികള്‍ ഈ പാക്കേജിന്റെ ഭാഗമായി ആവിഷ്കരിച്ച് നടപ്പിലാക്കണം.
4. അട്ടപ്പാടിയിലെ വിവിധ ഗോത്ര വര്‍ഗ്ഗ ഊരുകളുടേയും, ഗോത്രവര്‍ഗ്ഗ സമിതികളുടേയും ക്രിയാത്മകമായ പങ്കാളിത്തത്തോടെയും, സഹകരണത്തോടെയും വേണം ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത്.
5. ആദിവാസി വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കിവരുന്ന താല്‍ക്കാലിക ആശ്വാസ നടപടികളോടൊപ്പം തന്നെ ഈ വിഭാഗങ്ങളെ സ്വന്തം കാലില്‍ നില്‍ക്കാനും, സ്വയംപര്യാപ്തമാക്കാനുമുള്ള സുസ്ഥിര നടപടികള്‍ സ്വീകരിക്കണം.
6. ഈ ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ തനിമയും, സ്വത്വവും സംരക്ഷിക്കുന്നതിനുതകുന്ന പ്രത്യേക പരിപാടികളും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തണം
7. അടിക്കടിയുള്ള ശിശുമരണങ്ങളും ഗര്‍ഭിണികള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും കാരണം ഇവരുടെ വംശം തന്നെ കാലക്രമേണ ഇല്ലാതാകുമെന്ന ഭയവും ആശങ്കയും പൊതുസമൂഹത്തിനുണ്ട്. ഇതിനെ തരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം.
8. ഇവിടെ നിലനില്‍ക്കുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം.
9. മണ്ണാര്‍ക്കാട് – ചിന്നത്തടാകം ചുരം റോഡിന്റെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കണം. 2016 ല്‍ ഇതിന്റെ നിര്‍മ്മാണം കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയെന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ ഒരു തുടര്‍നടപടിയും സ്വീകരിച്ചിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ കാരണം 15 ഓളം പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.
10. അരിവാള്‍ രോഗികള്‍ അടക്കമുള്ളവരുടെ യാത്രയും ദുസ്സഹമാണ്.
11. കോട്ടത്തറ ൈട്രബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ആശുപത്രിയെ ജില്ലാആശുപത്രിയാക്കി ഉയര്‍ത്തണം. ഇവിടെയുള്ള ജീവനക്കാരുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും കുറവ് അടിയന്തരമായി പരിഹരിക്കണം. കൂടുതല്‍ തസ്തികകള്‍ സൃഷ്ട്ടിച്ച് നിയമനങ്ങള്‍ നടത്തണം. ഇവിടെ നിയമിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും സ്പെഷ്യല്‍ അലവന്‍സായി കൂടുതല്‍ തുക അനുവദിക്കണം. ഈ ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു തന്നെ നല്‍കണം. ഇവിടെ നിയമിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആകര്‍ഷകമായ വേതന പാക്കേജും, മറ്റ് ആനുകൂല്യങ്ങളും നല്‍കണം.
12. രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് നല്കിവന്നിരുന്ന 200 രൂപയുടെ സാമ്പത്തിക സഹായം പുന:സ്ഥാപിക്കണം
13. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗൈനക്കോളജി, പീഡിയാട്രിക്ക് വിഭാഗങ്ങളില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം നിലവില്‍ ലഭിക്കുന്നില്ല. ഇത് പരിഹരിക്കണം.
14. ഇക്കാരണത്താലാണ് ട്രൈബല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം റഫറല്‍ ആശുപത്രിയുടെ തലത്തിലേക്ക് പരിമിതപ്പെടുന്നത്.
15. ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. സീനിയര്‍ കണ്സള്ട്ടന്റുമാരെക്കൂടി ഇവിടെ നിയോഗിക്കണം
16. കാര്‍ഡിയോളജി, കാത്ത് ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം
17. ഒരു ശിശുരോഗവിദഗ്ദ്ധന്റെ സേവനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് പരിഹരിക്കണം. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി വേണം. സ്റ്റാഫുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. സ്കാനിംഗ്, റേഡിയോളജിസ്റ്റ് വിഭാഗങ്ങളിലും ജീവനക്കാരെ നിയമിക്കണം.
18. ആദിവാസികളുടേയും, കര്‍ഷകരുടേയും ഭൂമി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജെണ്ട കെട്ടി തിരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം.
19. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ബഫര്‍ സോണില്‍ കര്‍ഷകരുടേയും ഭൂമി ഉള്‍പ്പെടുത്തിയിട്ടുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം
20. കമ്മ്യൂണിറ്റി കിച്ചന് പ്രോഗ്രാം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കണം
21. 140 കോടി രൂപയുടെ ന്യൂട്രീഷ്യന്‍ പ്രോജക്ട് കുടുംബശ്രീയെ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ നിലനില്‍ക്കുന്നതായി ആരോപണമുണ്ട്. ഇക്കാര്യം പരിശോധിച്ച് ഇതിന്റെ നിര്‍വ്വഹണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
22. അട്ടപ്പാടി ഇറിഗേഷന്‍ വാലി ഡാം പ്രോജക്ട് നടപ്പിലാക്കിയാല്‍ 80% കാര്‍ഷിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.
ഇക്കാര്യങ്ങള്സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു