തിരുവനന്തപുരം: ആലപ്പുഴയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ആയുധം താഴെ വയ്ക്കണമെന്നും
കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
‘കേരളം ഇന്ന് ഉണര്‍ന്നത് ആലപ്പുഴയില്‍ നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളുടെ വാര്‍ത്ത കേട്ടാണ്. ഈ കൊലപാതകങ്ങളെ ഞാന്‍ അങ്ങേയറ്റം അപലപിക്കുന്നു.
ആര്‍ എസ്.എസും എസ്.ഡി. പി.ഐ യും ആയുധങ്ങള്‍ താഴെ വയ്ക്കുക എന്നതാണ് പ്രധാനമായും ഞാന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം. ഇതിന് നേതൃത്വം കൊടുക്കുന്ന നേതാക്കള്‍ക്കെതിരെ കര്‍ശനനടപടി എടുക്കുവാന്‍ പോലീസ് സംവിധാനത്തിന് കഴിയണം.
സമീപ കാലമായി കേരളത്തില്‍ നടക്കുന്ന ഗുണ്ടാവിളയാട്ടവും രാഷ്ട്രീയ കൊലപാതകങ്ങളും പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും നിസ്സഹായത വ്യക്തമാക്കുന്നു. നീതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് ഒരു പൂര്‍ണ്ണ പരാജയമായി മാറിയിരിക്കുകയാണ്.
ക്രമ സമാധാനനില പാലിക്കേണ്ട കാര്യത്തിലും. കുറ്റവാളികളെ കണ്ടെത്തേണ്ട വിഷയങ്ങളിലും അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിലും പോലീസ് വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല. ഇവയെല്ലാം ഈ അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്നതിന് കാരണമാണ്.
ആലപ്പുഴ ജില്ലയില്‍ പോലീസ് മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഈ കൊലപാതകങ്ങള്‍ക്ക് തുടര്‍ച്ചയായി വീണ്ടും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ഭയം ഇല്ലാതില്ല. ഈ കൊലപാതകങ്ങളുടെ പിന്നിലുള്ള കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്രയും വേഗം കൊണ്ട് എത്തിക്കണം.’