രാഷ്ട്രം അപകടത്തിലെന്ന് ഡോണള്‍ഡ് ട്രംപ്

Spread the love

ഡാളസ്: രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാണെന്നും, നിരവധി കാര്‍മേഘപടലങ്ങള്‍ രാഷ്ട്രത്തിനു മുകളില്‍ കരിനിഴല്‍ പരത്തിയിരിക്കുകയാണെന്നും മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഡാളസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഡിസംബര്‍ 19-നു ഞായറാഴ്ച നടന്ന വര്‍ഷിപ്പ് സര്‍വീസില്‍ ക്രിസ്മസ് സന്ദേശം നല്‍കുന്നതിനിടെയാണ് ട്രംപ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അതിര്‍ത്തി സുരക്ഷ, ക്രമാതീത വിലക്കയറ്റം, ഗ്യാസിന്റെ വില വര്‍ധനവ്, അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിക്കല്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ രാഷ്ട്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയിരിക്കുന്നു.

യുഎസ് മിലിട്ടറി, പോലീസ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതിനും, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമ പ്രവര്‍ത്തനങ്ങളെ നേരിടുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്കിനെ ആദരിക്കേണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇത്തരം സാഹചര്യങ്ങളില്‍ നിന്നും ശക്തമായ ഒരു തിരിച്ചുവരവുണ്ടാകുമെന്നു ട്രംപ് പ്രവചിച്ചു. നമ്മുടെ രാഷ്ട്രത്തിന് ഒരു രക്ഷിതാവ് ആവശ്യമാണ്. ഇപ്പോള്‍ ഒരു രക്ഷിതാവുണ്ട്. അത് ഞാനല്ല, എല്ലാവരിലും ഉയര്‍ന്നവനാണ്- ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും ട്രംപ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

‘വി ആര്‍ ഗോയിംഗ് ടു അമേരിക്ക ഗ്രേറ്റ് എഗൈന്‍’ എന്ന് ആശംസിച്ചുകൊണ്ടാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. ഇതോടെ ആരാധനയ്ക്കായി എത്തിച്ചേര്‍ന്നവര്‍ ‘യുഎസ്എ യു.എസ്എ’ എന്ന് എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ട്രംപിനൊപ്പം മെലാനിയ ആരാധനയില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അടുത്ത സന്ദേശത്തില്‍ അവര്‍ ഒപ്പമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *