കോട്ടയം: പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിന്റെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ 92 വില്ലേജുകളിലെ ജനവാസമേഖലകളും, തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി റിസര്‍വ്വ് വനം മാത്രം ഉള്‍പ്പെടുത്തി വില്ലേജുകള്‍ വിഭജിച്ച് പുനര്ക്രമീകരിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതിനോടകം പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍-സീതത്തോട് വില്ലേജ്, ഇടുക്കി ജില്ലയിലെ കണ്ണന്‍ദേവന്‍ ഹില്‍സ്, കാഞ്ചിയാര്‍ വില്ലേജുകളും തൃശ്ശൂര്‍ ജില്ലയിലെ പരിയാരം വില്ലേജും വിഭജിച്ച് ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി വനഭൂമിമാത്രം ഇ.എസ്.എ.യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം 2018 ജൂണ്‍ 16ന് കേന്ദ്രസര്‍ക്കാരിന് നല്കിയ കത്തില്‍ സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ വില്ലേജ് വിഭജനമാണ് പാലക്കാടുമുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നടപ്പിലാക്കേണ്ടത്. നിലവില്‍ ഇ.എസ്.എ.യായി ശുപാര്‍ശ ചെയ്തിരിക്കുന്ന 92 വില്ലേജുകളും വിഭജിച്ച് ജനവാസകേന്ദ്രങ്ങളുള്പ്പെടുന്നവ റവന്യൂ വില്ലേജുകളെന്നും റിസര്‍വ്വ് വനമുള്പ്പെടുന്നവ ഇ.എസ്.എ. വില്ലേജുകളെന്നും തരംതിരിച്ച് ഇ.എസ്.എ. വില്ലേജുകള്‍ മാത്രം അന്തിമവിജ്ഞാപനത്തില് ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കണം.
വനമേഖലയില്‍ നിന്ന് ഒഴിവാക്കുന്ന ജനവാസകേന്ദ്രങ്ങള്‍ നോണ്‍ കോര്‍ ഇ.എസ്.എ.യാക്കുന്നതിനുള്ള നീക്കം അംഗീകരിക്കുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഭാവിയില്‍ ഇവ പരിസ്ഥിതി ലോലമായി മാറും. ഇ.എസ്.എ.യോടനുബന്ധിച്ചുള്ള ബഫര്‍ സോണും വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തണം.
29.65 ശതമാനം സംരക്ഷിതവനവും 54 ശതമാനം വൃക്ഷാവരണവുമുള്ള കേരളത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരുടെ കൃഷിഭൂമി തട്ടിയെടുക്കുന്ന ക്രൂരത എന്തുവിലകൊടുത്തും എതിര്‍ക്കപ്പെടും. ജനങ്ങളുടെ ഉപജീവനം തടഞ്ഞ് കൃഷിഭൂമി വനമാക്കി ജനങ്ങളെ കുടിയിറക്കാനുള്ള വനംവകുപ്പ് അജണ്ട വിലപ്പോവില്ല. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാധ്യത 92 വില്ലേജുകളില്‍ താമസിക്കുന്ന 25 ലക്ഷത്തോളം മലയോരജനതയുടെമേല്‍ കെട്ടിവെച്ച് വന്‍കിട ക്വാറി ഖനന മാഫിയകള്‍ അടക്കമുള്ള പരിസ്ഥിതി ചൂഷകര്‍ക്ക് സംരക്ഷണകവചമൊരുക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയകളെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ മടികാണിച്ചാല് മലയോരജനത നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ വിവിധ കാര്‍ഷികവിഷയങ്ങള്‍ ഉയര്‍ത്തി ജനുവരിയില്‍ കോഴിക്കോട്വെച്ച് വിപുലമായ കര്‍ഷകസമര പ്രഖ്യാപന കണ്വന്ഷന് വിളിച്ചുചേര്‍ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
അഡ്വ.ബിനോയ് തോമസ്
ജനറല്‍ കണ്‍വീനര്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: +91 94476 91117