സാക്രമെന്റോയിലെ ക്രിസ്മസ് ഒത്തുചേരല്‍ അവിസ്മരണീയമായി

Spread the love

സാക്രമെന്റോ: സാക്രമെന്റോയിലെ മലയാളികള്‍ ക്രിസ്മസ്- പുതുവത്സര സംഗമം ആഘോഷകരമായി നടത്തി. മാറിവരുന്ന സാഹചര്യങ്ങള്‍ ഒരു ഓണ്‍സൈറ്റ് ഒത്തുകൂടലിന് സാഹചര്യം ഒരുക്കിയപ്പോള്‍ അത് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവാന്‍ സര്‍ഗം കമ്മിറ്റിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കാരണം കോവിഡിന്റെ പാരമ്യഘട്ടത്തിലൂടെ കടന്നുപോയ കഴിഞ്ഞ ഏകദേശം ഒന്നു രണ്ടു വര്‍ഷത്തോളം ഒത്തുകൂടലും കലാപരിപാടികളും ഓണ്‍ലൈനില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നല്ലോ. ഡിസംബര്‍ പതിനൊന്നിനായിരുന്നു സര്‍ഗം ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ നടത്തിയത്.

2020- 21 സര്‍ഗം കമ്മിറ്റിയുടെ ആദ്യത്തെ ഓണ്‍സൈറ്റ് പരിപാടി ആയിരുന്നു ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ വാര്‍ഷിക ജനറല്‍ബോഡി മീറ്റിംഗ് സര്‍ഗം അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തുവാന്‍ സാധിച്ചു. കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി മൃദുല്‍ സദാനന്ദന്‍ അവതരിപ്പിച്ചു. ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് ട്രഷറര്‍ സിറില്‍ ജോണ്‍ അവതരിപ്പിക്കുകയും ഇവ രണ്ടും ജനറല്‍ബോഡി

അംഗീകരിക്കുകയും ചെയ്തു. 2022- 23 കമ്മിറ്റി അംഗങ്ങളെ വേദിയിലേക്ക് ക്ഷണിക്കുകയും, എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും ചെയ്തു. പ്രസിഡന്റ് മൃദുല്‍ സദാനന്ദന്‍, ചെയര്‍മാന്‍ രാജന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് സിറില്‍ ജോണ്‍, സെക്രട്ടറി വില്‍സണ്‍ നെച്ചിക്കാട്ട്, ജോയിന്റ് സെക്രട്ടറി രമേഷ് ഇല്ലിക്കല്‍, ട്രഷറര്‍ സംഗീത ഇന്ദിര എന്നിവരാണ് 2022- 23 കാലഘട്ടത്തിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സര്‍ഗം നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.

Picture2

മുഖ്യാതിഥിയായിരുന്ന സാക്രമെന്റോ ഇന്‍ഫന്റ് ജീസസ് കത്തോലിക്കാ പള്ളി വികാരി റൂബന്‍ താന്നിക്കല്‍ അച്ചന്‍ അര്‍ത്ഥവത്തായ ക്രിസ്മസ് സന്ദേശം നല്‍കി സദസിനെ ആശീര്‍വദിച്ചു. അതോടൊപ്പം തന്നെ സര്‍ഗം നേതൃത്വത്തില്‍ ഏറെക്കാലം നിറസാന്നിധ്യമായിരുന്ന ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ ആയി സര്‍ഗം കമ്മിറ്റിയില്‍ നിന്നും വിരമിക്കുന്ന രശ്മി നായരെ ഫലകം നല്കി ആദരിച്ചു.

എല്ലാ തവണയും പോലെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും, സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറും ആയി സര്‍ഗം അംഗങ്ങള്‍ ഒത്തുകൂടല്‍ ആസ്വദിച്ചു. എല്ലാ വിഭവങ്ങളും സര്‍ഗം അംഗങ്ങള്‍ തന്നെ ഒത്തുകൂടി തയറാക്കിയതാണ് എന്നതും എടുത്തുപറയേണ്ടതാണ്. കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായിരുന്ന പ്രതീഷ് ഏബ്രഹാം, ഭവ്യ സുജയ് എന്നിവരുടെ നാളുകള്‍ നീണ്ട പരിശ്രമ ഫലമാണ് വിജയകരമായ ഇത്തവണത്തെ ഓണ്‍സൈറ്റ് ക്രിസ്മസ് ആഘോഷങ്ങള്‍. യുവ തലമുറയായിരുന്നു കലാപരിപാടികള്‍ നിയന്ത്രിച്ചത് എന്നതും എടുത്തുപറേയണ്ടതാണ്. റിച്ചിന്‍ മൃദുല്‍, റൊവീണ ജോബി, ക്രിസ്റ്റീന്‍ റോയ്, മരിയ ഏബ്രഹാം എന്നിവരാണ് ഭംഗിയാര്‍ന്ന അവതരണശൈലിയില്‍ കലാപരിപാടികള്‍ ആദ്യാവസാനം നിയന്ത്രിച്ചത്.

Pictureചെയര്‍പേഴ്‌സണ്‍ രശ്മി നായര്‍, പ്രസിഡന്റ് രാജന്‍ ജോര്‍ജ്, സെക്രട്ടറി മൃദുല്‍ സദാനന്ദന്‍, ട്രഷറര്‍ സിറില്‍ ജോണ്‍, വൈസ് പ്രസിഡന്റ് വില്‍സണ്‍ നെച്ചിക്കാട്ട്, ജോയിന്റ് സെക്രട്ടറി ജോര്‍ജ് പുളിച്ചുമാക്കല്‍ എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ ജനറല്‍ കമ്മിറ്റി അംഗങ്ങളും സര്‍ഗത്തിന്റെ ഇത്തവണത്തെ വിജയകരമായ ഓണ്‍സൈറ്റ് പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷം വിജയകരമായി നടത്തിയ ‘ഉത്സവ്’ എന്ന മെഗാ ഓണ്‍ലൈന്‍ നൃത്തമത്സരത്തിനായി ഈവര്‍ഷവും ഒരുങ്ങുകയാണ് സര്‍ഗം. അമേരിക്കയിലും കാനഡയിലുമായി നിരവധി കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ മത്സരത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും ഭാവുകങ്ങള്‍ നേരുന്നു. അതുപോലെ എല്ലാവര്‍ക്കും ക്രിസ്മസ് – പുതുവത്സരാശംസകളും സര്‍ഗം ടീം നേര്‍ന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *