സിപിഐയുടെ നിലപാട് സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കണം : കെ സുധാകരന്‍ എംപി

Spread the love

കോണ്‍ഗ്രസ് തകര്‍ന്നാലുള്ള ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനു കെല്പില്ലെന്ന സിപിഐയുടെ നിലപാട്, കോണ്‍ഗ്രസിനെ ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും അതിന് ബിജെപിക്ക് ഒത്താശ പാടുകയും ചെയ്യുന്ന സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

സിപിഎമ്മിന്റെ നിലപാടുകളും നടപടികളും സംഘപരിവാറിനെയാണ് സഹായിക്കുന്നതെന്ന് ജനാധിപത്യമതേതര ബോധ്യമുള്ള എല്ലാവര്‍ക്കും സുവ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെുപ്പില്‍ പിണറായി സര്‍ക്കാരിന് രണ്ടാമൂഴം ലഭിച്ചതു തന്നെ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയാണ്. പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ തലോടല്‍ ലഭിക്കുന്നതും സംഘപരിവാര്‍ ശക്തികള്‍ക്കാണ്.

ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ കെല്‍പ്പുള്ള ഏകകക്ഷി കോണ്‍ഗ്രസ് ആണെന്നും സിപിഎമ്മിന് യാതൊരു പ്രസക്തിയുമില്ലെന്നും അവര്‍ മനസിലാക്കണം. രാജ്യത്ത് 763 എംഎല്‍എമാരും ലോക്സഭയില്‍ 52 എംപിമാരും രാജ്യസഭയില്‍ 34 എംപിമാരും കോണ്‍ഗ്രസിനുണ്ട്. 6 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളോടൊപ്പം ഭരിക്കുന്നു. 12 സംസ്ഥാനങ്ങളില്‍ മുഖ്യപ്രതിപക്ഷകക്ഷി കോണ്‍ഗ്രസ് ആണ്. രാജ്യവ്യാപകമായി കോണ്‍ഗ്രസിന് മുക്കിലും മൂലയിലും സാന്നിധ്യമുണ്ട്.

കേരളത്തില്‍ മാത്രം ഭരിക്കുന്ന സിപിഎമ്മിന് മറ്റൊരു സംസ്ഥാനത്തും യാതൊരു സ്വാധീനവുമില്ല. സിപിഎമ്മിന്റെ 3 എംപിമാരില്‍ രണ്ടു പേര്‍ കോണ്‍ഗ്രസിന്റെ കൂടി സഹായത്തോടെ ജയിച്ചവരാണ്. ബിജെപിയെ ദേശീയതലത്തില്‍ സിപിഎം നേരിടുന്നത് ഈ ശക്തിവച്ചാണ്.

പരസ്പരം സഹായ സംഘമായാണ് സിപിഎമ്മും ബിജെപിയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ താല്‍പ്പര്യം ഇവിടത്തെ സംസ്ഥാന ഭരണമാണ്. ബിജെപിയുടെ ആവശ്യം കേന്ദ്ര ഭരണമാണ്. ഈ പൊതുതത്വത്തിലാണ് സിപിഎമ്മും ബിജെപിയും പരസ്പരം സഹായിക്കുന്നത്. പുറമെ ഇരുവരും പരസ്പരം എതിര്‍ക്കുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ ഭരണം നിലനിര്‍ത്തുക എന്ന സിപിഎമ്മിന്റെയും കേന്ദ്ര ഭരണം നിലനിര്‍ത്തുക എന്ന ബിജെപിയുടെയും അജണ്ടകളുടെ പൂര്‍ത്തീകരണത്തിനാണ്. കേരളത്തില്‍ ബിജെപി ഭരണത്തില്‍ വരില്ലെന്ന് സിപിഎമ്മിനും കേന്ദ്രത്തില്‍ സിപിഎം ഭരണത്തില്‍ വരില്ലെന്ന് ബിജെപിക്കും ബോധ്യമുണ്ട്. അതുകൊണ്ട് അവര്‍ തമ്മില്‍ പൂര്‍ണ സഹകരണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

കോണ്‍ഗ്രസ് തളര്‍ന്നാലും സംഘപരിവാര്‍ ശക്തിയാര്‍ജിക്കട്ടെ എന്ന സിപിഎം നിലപാട് രാജ്യത്തെ മതേതര, ജനാധിപത്യമൂല്യങ്ങളെയാണ് ഇല്ലാതാക്കുന്നതെന്ന് അവര്‍ ഇനിയെങ്കിലും തിരിച്ചറിയണം. സിപിഐയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം ആ നിലപാടിലേക്ക് സിപിഎം കടന്നുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *