മീഡിയാവണ്‍ സംപ്രേക്ഷണ വിലക്ക്. ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക അപലപിച്ചു

Spread the love

ചിക്കാഗോ: മീഡിയാവണ്‍ ചാനലിന്റെ പ്രക്ഷേപണം തടഞ്ഞ കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനത്തെ ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക അപലപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ തീരുമാനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു തീരാ കളങ്കമാണെന്ന് പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത് , ട്രഷറര്‍ ഷിജോ പൗലോസ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

പ്രക്ഷേപണം തടഞ്ഞതിനെ പ്രസ് ക്‌ളബിന്റെ ചിക്കാഗോ ചാപ്ടര്‍ യോഗം ചേര്‍ന്ന് അപലപിച്ചു. ഇത് മാധ്യമങ്ങളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളില്‍ ഏകപക്ഷീയമായി നടത്തുന്ന കടന്നുകയറ്റവും , സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുവാന്‍ ഉതകുന്ന ഒരു മാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കുവാനുള്ള ശ്രമവുമാണെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് സര്‍ക്കാര്‍ എന്ന ചിന്താഗതി ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് ഏകാധിപത്യത്തിലേക്ക് പോകുന്നതിന്റെ ലക്ഷണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാപ്റ്റര്‍ സെക്രട്ടറി പ്രസന്നന്‍ പിള്ളൈ പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ അനില്‍ മറ്റത്തിക്കുന്നേല്‍, വൈസ് പ്രസിഡണ്ട് ജോയിച്ചന്‍ പുതുക്കുളം, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, നാഷണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ്, നാഷണല്‍ വൈസ് പ്രസിഡണ്ട് ബിജു സഖറിയാ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *