വ്യാജ വലയ, പ്രതിച്ഛായാ തടവറ മാധ്യമ രീതിക്കെതിരെ പൊരുതി ജയിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ജോൺ ബ്രിട്ടാസ് എം.പി. കൈരളി ടിവി എൻആർഐ അവാർഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബ്രിട്ടാസ്. വികസന കുതിപ്പിനു ചിറകുകൾ വിരിച്ച് പറക്കുന്ന കേരള സംസ്ഥാനത്തെ പിറകോട്ടടിപ്പിക്കുകയാണ് ഇന്നത്തെ മാധ്യമങ്ങൾ ചെയ്യുന്നത്. കേരളത്തിലെ മാധ്യമങ്ങൾ അപൂർവമായി മാത്രമേ വികസനത്തിന് അനുകൂലമായി
നിലകൊണ്ടിട്ടുള്ളൂ. ഇന്നത്തെ ഒട്ടുമിക്ക മാധ്യമങ്ങളും കേരളത്തെ തടവറയിലാക്കുകയാണ്. വരും തലമുറയ്ക്ക് അഭിമാനകരമായ ഒരു നാടാക്കി കേരളത്തെ മാറ്റാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ആ ശ്രമങ്ങളെ പരാജയപ്പെടുത്താൻ മത്സരിക്കുകയാണ് മാധ്യമങ്ങളിപ്പോൾ. ലോകത്തെല്ലായിടത്തും വികസനത്തിന്റെ പുതിയ അധ്യായങ്ങൾ രചിച്ചു കൊണ്ടിരിക്കുമ്പോൾ, വികസന വാതിലുകൾ കൊട്ടിയടച്ച് കേരളത്തെ മുരടിപ്പിക്കുകയാണ് മാധ്യമങ്ങൾ.
കെ റെയിൽ പദ്ധതി കേരളത്തിൻറെ മാറിയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വികസന പദ്ധതിയാണ്. ഉത്തരവാദപ്പെട്ട സംരംഭകർക്ക് കെ റെയിൽ പദ്ധതിയുടെ പൂർത്തീകരണത്തിന് വലിയ പങ്കു വഹിക്കാനാകും. ലോകം മുഴുവൻ മാറിക്കൊണ്ടിരിക്കുമ്പോൾ അത് കാണാൻ നമ്മുടെ മാധ്യമങ്ങൾക്ക് കഴിയാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. ഏറ്റവും കൂടുതൽ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ട ഒന്നാണ് മാധ്യമ രംഗം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊറോണയെ ലോകം അതിജീവിക്കുകയാണ്. കൊറോണ സാഹചര്യങ്ങൾ മൂലം കഴിഞ്ഞ രണ്ടു വർഷമായി കൈരളി ബിസിനസ് അവാർഡ് നടത്തിയിരുന്നില്ല. ലോകത്തെമ്പാടുമുള്ള മലയാളികളുടെ സ്നേഹത്താൽ പടുത്തുയർത്തിയ സ്ഥാപനമാണ് കൈരളി. വിട്ടുവീഴ്ചകൾ ഇല്ലാത്ത നിലപാടോടെ കരുത്തുറ്റ ഒരു
സ്ഥാപനമായി കൈരളി മുന്നോട്ടു പോകുകയാണ് എന്നും അതിന് മലയാളി സമൂഹം നൽകുന്ന പിന്തുണയിൽ കടപ്പാട് ഉണ്ടെന്നും ചാനൽ എംഡി കൂടിയായ ജോൺ ബ്രിട്ടാസ് പറഞ്ഞു.
കൈരളി ടിവി ചെയർമാൻ നടൻ മമ്മൂട്ടി ചടങ്ങിൽ അധ്യക്ഷനായി. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായമന്ത്രി പി രാജീവ്, കൈരളി അവാർഡ് ജൂറി ചെയർമാൻ എം എ അഷ്റഫ് അലി, നോർക്ക ഡയറക്ടർമാരായ ഡോക്ടർ ആസാദ് മൂപ്പൻ, ഒ വി മുസ്തഫ, കൈരളി ടിവി ഡയറക്ടർ വി കെ അഷ്റഫ്, ജൂറി അംഗവും ഖലീജ് ടൈംസ് മാനേജിങ് ഡയറക്ടറുമായ ഐസക് ജോൺ പട്ടാണി പറമ്പിൽ, കൈരളി ടിവി മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ രമേശ്.