ഡീസല്‍ നയം കെഎസ്ആര്‍ടിസിയെ തകര്‍ക്കും: തമ്പാനൂര്‍ രവി

Spread the love

പുതിയ ഡീസല്‍ നയം കെഎസ്ആര്‍ടിസി യെ തകര്‍ക്കുമെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് മാറ്റണമെന്നും ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റികി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഇന്ധനനയം കാരണം കെഎസ്ആര്‍ടിസി വാങ്ങുന്ന ഡീസലിന് ലിറ്ററിനു 6 രൂപയിലധികം വില കൂടുതല്‍ നല്‍കേണ്ടി വരുന്നു. രാജ്യത്തെ ആര്‍ടിസികളെയെല്ലാം ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.കെഎസ്ആര്‍ടിസിക്ക് ദിനംപ്രതി 15 ലക്ഷം രൂപയുടേയും പ്രതിവര്‍ഷം 54 കോടിയുടേയും അധിക ബാദ്ധ്യതയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. കൂടുതല്‍ സാധനം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് അതു നല്‍കുകയെന്നതാണ് പൊതുവേ എല്ലായിടത്തും അംഗീകരിച്ചിട്ടുള്ള നയം. എന്നാല്‍ കൂടുതല്‍ ഡീസല്‍ വാങ്ങുന്നു വെന്നതിന്റെ പേരില്‍ കൂടുതല്‍ വില നല്‍കേണ്ടി വരുന്നത് പൊതുമേഖലാസ്ഥാപനങ്ങളായ ആര്‍ടിസി പോലുള്ള സ്ഥാപനങ്ങളാണ്. 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശസാത്കൃത റൂട്ടുകളില്‍ ആര്‍ക്കും കടന്നു കയറാനനുവദിക്കുന്ന മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അഗ്രിഗേ റ്റേഴ്‌സ് ഗൈഡ് ലൈന്‍ ആര്‍ടിസി കളെ തകര്‍ക്കാനും കോര്‍പ്പറേറ്റുകളെ സഹായിക്കാനും വേണ്ടിയാണ്.

ഈ നിയമപ്രകാരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചത്. ആ നിയമത്തിന്റെ തുടര്‍ച്ചയായി കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നടപടിയാണിപ്പോള്‍ ഡീസല്‍ വിലവര്‍ദ്ധനയ്ക്ക് കാരണമാകുന്നത്. കോവിഡിന്റെ വരവോടുകൂടി പൊതുഗതാഗതമേഖലയാകെ തകര്‍ച്ചയിലാണ്. കേരളത്തിലാകട്ടെ കഴിഞ്ഞ 6 കൊല്ലത്തിനിടയില്‍ പുതിയ ബസ്സുകളൊന്നും വാങ്ങാതെയും ഓടിക്കൊണ്ടിരുന്ന 2558 ബസ്സുകള്‍ കൂട്ടിയിട്ട് നശിപ്പിക്കുകയും എല്‍ഡിഎഫ് സൃഷ്ടിച്ച പ്രതിസന്ധിയും യുഡിഎഫ് കാലത്ത് 5300 ബസ്സോടിയിരുന്നിടത്തിപ്പോള്‍ ഓടുന്നത് 3200 ആണ്. ഇടതു സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പരിഷ്‌ക്കാരങ്ങളെല്ലാം കോര്‍പ്പറേഷന് കൂടുതല്‍ ബാധ്യതയാണ് വരുത്തിക്കൊ ണ്ടിരിക്കുന്നത്.

കെഎസ്ആര്‍ടിസി ക്ക് നല്‍കുന്ന ഡീസലിന് പൊതു ടെണ്ടറിലൂടെ വില തീരുമാനിച്ചാല്‍ ഇന്നു ലഭിക്കുന്നതിലും കുറഞ്ഞ വിലയ്ക്ക് മറ്റു കമ്പനികളില്‍ നിന്നും അതു ലഭിക്കുമെന്നു റപ്പാണ്. ഇപ്പോഴുണ്ടായ വിലവര്‍ദ്ധന തരണം ചെയ്യാനതിലൂടെ സാധിക്കും. മുമ്പ് കെഎസ്ആര്‍ടിസി അതിനു ശ്രമിച്ചപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ട് നടപടി നിര്‍ത്തിവയ്പ്പിക്കുകയാണുണ്ടായത്. പൊതുവില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും കുത്തകകളെ സഹായിക്കുന്നതിനും കെഎസ്ആര്‍ടിസി പോലുള്ള പൊതുമേഖലകളെ തകര്‍ക്കുന്നതിനുമാണ് ഒരുപോലെ ശ്രമിക്കുന്നത്. ഈ നിലപാടില്‍ നിന്നും കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും പിന്‍മാറണമെന്നഭ്യര്‍ത്ഥിക്കുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *