ഇനി സംസ്ഥാനമാകെ എത്തും വാതിൽപ്പടി സേവനം

Spread the love

മികവോടെ മുന്നോട്ട്-14
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ ഓൺലൈനാക്കിയത് ‘മികവോടെ മുന്നോട്ട്’ എന്ന പരമ്പരയിൽ ഒന്നാമത്തെ ലേഖനമായി നൽകിയിരുന്നു. നിലവിൽ 65 വകുപ്പുകളുടെ 610 സേവനങ്ങളാണ് ഓൺലൈനാക്കിയത്. ഇത്തരത്തിൽ ഓൺലൈൻ സേവനങ്ങളുമായി ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ട് പോകുമ്പോൾ ഈ സേവനങ്ങൾ സ്വീകരിക്കാൻ ചില വിഭാഗം ജനങ്ങൾക്ക് സാധിക്കാത്ത അവസ്ഥയുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇത്തരക്കാർക്ക് സർക്കാർ സേവനങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിക്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് വാതിൽപ്പടി സേവനം.
തദ്ദേശ സ്വയംഭരണ വകുപ്പ് മികച്ച രീതിയിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കിടപ്പ് രോഗികൾ ഉൾപ്പെടെ അശരണർക്കും, ഗുരുതര രോഗം ബാധിച്ചവർക്കും, ഭിന്നശേഷിക്കാർക്കും വിവിധ കാരണങ്ങളാൽ ചലന പരിമിതി അഭിമുഖീകരിക്കുന്നവർക്കും സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കുക എന്നതാണ് വാതിൽപ്പടി സേവനം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 50 തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കിയ പദ്ധതി ഇപ്പോൾ സംസ്ഥാനമാകെ വ്യാപിപ്പിക്കുകയാണ്.

2021 ഓഗസ്റ്റ് 12നാണ് വാതിൽപ്പടി സേവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്. സപ്തംബറിൽ പദ്ധതിയുടെ ആദ്യഘട്ടം പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുത്ത 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. സാമൂഹിക സന്നദ്ധസേന പ്രവർത്തകർ, വാർഡ് പ്രതിനിധി, ആശ വർക്കർ, കുടുംബശ്രീ, അംഗനവാടി പ്രവർത്തകർ എന്നിവരുൾപ്പെട്ട സമിതി സർക്കാരിന്റെ മുഖമായി തുണയില്ലാത്ത മനുഷ്യരിലേക്ക് സേവനങ്ങൾ എത്തിച്ചു. ആജീവനാന്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭ്യമാക്കാനുള്ള അപേക്ഷ തയാറാക്കൽ, സാമൂഹിക സുരക്ഷ പെൻഷൻ, അടിയന്തരാവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചുനൽകൽ, പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
2021 നവംബർ ഒന്നിന് നടപ്പാക്കിയ വാതിൽപ്പടി സേവനം പദ്ധതിയിൽ 13,684 പേർക്ക് ഇതുവരെ സഹായങ്ങൾ എത്തിക്കാനായി. ജീവൻ രക്ഷാമരുന്നുകൾക്കുള്ള അപേക്ഷകൾ -11520, മസ്റ്ററിങ് അപേക്ഷകൾ-640, സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകൾ- 446, ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾ-664, ലൈഫ് സർട്ടിഫിക്കറ്റ് അപേക്ഷകൾ-414 എന്നിങ്ങനെ സേവനങ്ങൾ എത്തിച്ച് നൽകുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് തീർത്ത അനിശ്ചിതത്വങ്ങൾക്കിടയിലും വാതിൽപ്പടി സേവനം നടപ്പിലാക്കാനായത് വലിയ നേട്ടമാണ്. വാർഡ് തലത്തിൽ രൂപീകരിച്ച സമിതികൾ കൃത്യമായ ഇടവേളകളിൽ ഗൃഹ സന്ദർശനം നടത്തി, ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവർക്ക് സേവനങ്ങൾ യഥാസമയം എത്തിച്ചു നൽകുന്നു.
സേവനങ്ങൾ നൽകുന്നതിന്റെ എണ്ണത്തേക്കാൾ ഇത്തരം സേവനങ്ങൾ സ്ഥിരമായി നൽകാനുളള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാധ്യമാക്കുക എന്ന ലക്ഷ്യം ആവിഷ്‌ക്കരിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. സേവനങ്ങൾ നൽകാൻ തദ്ദേശ വാർഡ് തലത്തിൽ ഒരു സ്ഥിരം സംവിധാനം ഉണ്ടാകും. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ആളുകളെ സേവിക്കാനും തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ ഭാഗമാകാനും വാതിൽപ്പടി സേവനത്തിലൂടെ സാധിക്കും.
പൊതുപ്രവർത്തനങ്ങൾക്ക് താൽപ്പര്യമുളളവർക്ക് സാമൂഹിക സന്നദ്ധസേനയുടെ വെബ്സൈറ്റായ www.sannadhasena.kerala.gov.inൽ രജിസ്റ്റർ ചെയ്യാം. നിരാലംബർക്ക് സേവനങ്ങൾ നൽകുക മാത്രമല്ല, അവരുടെ കൈയിൽ സേവനങ്ങൾ എത്തിക്കുകയെന്ന കടമ കൂടി നിറവേറ്റുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി സജീവമാകുന്നതോടെ അനേകം അശരണർക്ക് പദ്ധതി സഹായമാകും.

Author

Leave a Reply

Your email address will not be published. Required fields are marked *