ന്യൂഡല്‍ഹി: ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ന്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
കര്‍ണാടകയിലുള്ള നവീന്റെ മാതാപിതാക്കളുമായി സംസാരിച്ചു. സംഘര്‍ഷ മേഖലകളില്‍പ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുക മാത്രമല്ല, കൊല്ലപ്പെട്ട നവീന്റെ മൃതദേഹവും നാട്ടിലെത്തിക്കും. നവീന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്’ ശൃംഗ്ല പറഞ്ഞു.
ഹര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്‍. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്.