19.04.2022ല്‍ തിരുവനന്തപുരം ഇന്ദിരാഭവനില്‍ വച്ചു ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം.

മത തീവ്രവാദ സംഘടനകള്‍ നടത്തിവരുന്ന അക്രമ പ്രവര്‍ത്തനങ്ങളും വിദ്വേഷ പ്രചരണങ്ങളും പ്രതിഷേധാര്‍ഹം.

കേരളത്തില്‍ മത തീവ്രവാദ സംഘടനകള്‍ നടത്തിവരുന്ന അക്രമ പ്രവര്‍ത്തനങ്ങളിലും വിദ്വേഷ പ്രചരണങ്ങളിലും കെ പി സി സി എക്‌സിക്യൂട്ടീവ് യോഗം ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപെടുത്തുന്നു. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ തടയുന്ന കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസ്, ഇന്റലിജന്‍സ് സംവിധാനങ്ങളും പൂര്‍ണ്ണ പരാജയമായി മാറിയിരിക്കുന്നതായി ബോധ്യപെടുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ അരങ്ങേറിയ ആര്‍എസ്എസ് – എസ്ഡിപിഐ അക്രമ, കൊലപാതക പരമ്പര ഇപ്പോള്‍ പാലക്കാട്ടേക്കും വ്യാപിച്ചിരിക്കുകയാണ്. മണിക്കൂറുകളുടെ ഇടവേളയില്‍ പരസ്പരം കൊന്നു കലിതീര്‍ക്കുന്ന നിഷ്ഠൂര ക്രിമിനല്‍ സംഘങ്ങളായി ആര്‍ എസ് എസും എസ്ഡിപിഐയും മാറിയിരിക്കുകയാണ് . വിഷുവിന്റെ ആഘോഷ ദിവസവും റംസാന്‍ വ്രതാനുഷ്ടാനത്തിന്റെ പുണ്യ ദിനങ്ങളും പോലും അരുംകൊലയ്ക്കായി തെരഞ്ഞെടുക്കുന്ന ഇത്തരം സംഘടനകള്‍ ആസൂത്രിതമായ വര്‍ഗീയ കലാപങ്ങള്‍ക്ക് തന്നെയാണ് കേരളത്തില്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍, ഇത് തിരിച്ചറിഞ്ഞ് ഇത്തരം ക്രിമിനല്‍ സംഘങ്ങളെ ശക്തമായി അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും മത തീവ്രവാദികളോടുള്ള മൃദുസമീപനം തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ഇത്തരക്കാരുടെ പിന്തുണ മറയില്ലാതെ സ്വീകരിച്ച സിപിഎം പ്രത്യുപകാരം എന്ന നിലയില്‍ അവരുടെ അഴിഞ്ഞാട്ടത്തിന് കേരളത്തില്‍ അനുവാദം നല്‍കിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ആഭ്യന്തര വകുപ്പിന്റെ തലവനെന്ന നിലയില്‍ കഴിവുകേടിന്റെ പര്യായമായ പിണറായി വിജയന്‍ തല്‍സ്ഥാനം ഒഴിയണമെന്ന ജനവികാരം കെപിസിസിയും പങ്കുവെക്കുന്നു.

കേരളത്തില്‍ നൂറ്റാണ്ടുകളായി സൗഹാര്‍ദ്ദത്തിലും സഹവര്‍ത്തിത്വത്തിലും അധിവസിച്ച് മാതൃകാപരമായ സാമൂഹ്യ അന്തരീക്ഷം ഇവിടെ യാഥാര്‍ഥ്യമാക്കിയ വ്യത്യസ്ത മത, സാമുദായിക വിഭാഗങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളും സമീപകാലത്ത് ശക്തിപെടുന്നതും കോണ്‍ഗ്രസ് പാര്‍ട്ടി ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നുണപ്രചരണങ്ങളും വിദ്വേഷ പ്രചരണങ്ങളും വിവിധ വിഭാഗം ജനങ്ങളെ അകല്‍ച്ചയിലേക്കും സംശയങ്ങളിലേക്കും നയിക്കുകയാണ്. ഭക്ഷണവും വസ്ത്രധാരണവും കച്ചവടവും വിവാഹവുമൊക്കെ വിദ്വേഷപ്രചാരകരുടെ ടൂളുകള്‍ ആയി മാറുകയാണ്. പ്രായപൂര്‍ത്തിയായ യുവതീ യുവാക്കളുടെ വിവാഹമെന്നത് അവരുടെ വ്യക്തിപരമായ ചോയ്‌സ് ആയാണ് ആധുനിക സമൂഹം നോക്കിക്കാണുന്നത്. അതിനെ മത, വര്‍ഗീയ ലക്ഷ്യത്തോടെയുള്ള വൈകാരിക പ്രചാരണങ്ങള്‍ക്കുള്ള അവസരമാക്കി മാറ്റുന്നത് കേരളം അംഗീകരിക്കില്ല. എന്നാല്‍ ഈയിടെ സമാപിച്ച സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്ത ഔദ്യോഗിക രേഖകളില്‍ പോലും വിദ്വേഷജനകമായ സംഘപരിവാര്‍ ആശയങ്ങള്‍ ഇടംപിടിച്ചിട്ടുണ്ടെന്ന പ്രധാന നേതാക്കളുടെ വെളിപ്പെടുത്തല്‍ ആ പാര്‍ട്ടി ഇതേവരെ നിഷേധിച്ചിട്ടില്ല. സംഘപരിവാറിന്റെ ‘നിര്‍മിത കള്ള’ങ്ങളുടെ കൂട്ടു നിര്‍മ്മാതാക്കളും പ്രചാരകരുമായി കേരളത്തില്‍ സിപിഎം മാറുകയാണ്.
സിപിഎം പാര്‍ട്ടി സമ്മേളനങ്ങളിലെ ബിജെപിയോടുള്ള മൃദുസമീപനവും അതിരുകടന്ന കോണ്‍ഗ്രസ് വിമര്‍ശനവും ഇതുതന്നെയാണ് തെളിയിക്കുന്നത്.

രാജ്യത്തു വളര്‍ന്നുവരുന്ന മത തീവ്രവാദത്തിനും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റി തന്നെ ഒരു വലിയ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ കെപിസിസിയും ഈ ക്യാമ്പയിന്‍ ശക്തമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഈ വരുന്ന ഏപ്രില്‍ 26 ന് പാലക്കാട് വച്ച് ”ശാന്തിപഥം” എന്ന പരിപാടി സംഘടിപ്പിക്കാന്‍ കെപിസിസി തീരുമാനിക്കുകയാണ് . കേരളത്തിലെ എല്ലാ സമുന്നത നേതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മത വര്‍ഗീയതയ്ക്കും കൊലപാതക രാഷ്ട്രീയത്തിനും എതിരെയുള്ള ഈ ക്യാമ്പയിനില്‍ അണിനിരക്കും. ഇതിന്റെ തുടര്‍ച്ചയായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പ്രചാരണ, ബോധവത്കരണ പരിപാടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. സാമൂഹ്യമാധ്യമങ്ങളിലെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ബദല്‍ പ്രചരണങ്ങള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കും. കേരളത്തിന്റെ മതേതര പരിസരത്തേയും സമാധാന ജീവിതാന്തരീക്ഷത്തേയും തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ഈ ശ്രമങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും കെപിസിസി ആഹ്വാനം ചെയ്യുന്നു.

അവതാരകന്‍: വി.ടി.ബല്‍റാം, കെപിസിസി വൈസ് പ്രസിഡന്റ്
———————————————————————————————————–

പ്രമേയം 2
ഇന്ധനവില വര്‍ദ്ധനവില്‍ ജനജീവിതം ദുഷ്‌കരം

ഇന്ധനവില വര്‍ദ്ധനവില്‍ ജനജീവിതം തീര്‍ത്തും ദുഷ്‌കരമായിരിക്കുന്നു. ജനകീയ പ്രതിഷേധം ഭയന്ന് തിരഞ്ഞെടുപ്പ് കാലത്ത് മാറ്റിവെച്ച എണ്ണ വില വര്‍ദ്ധന തിരഞ്ഞെടുപ്പിന് ശേഷം ദൈനംദിനം വില വര്‍ദ്ധിപ്പിച്ച് കേന്ദ്ര ഭരണാധികാരികള്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ്. രണ്ടു വര്‍ഷമായി കോവിഡ് ദുരിതങ്ങളില്‍ ജീവിതം താളം തെറ്റിയവര്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ നെട്ടോട്ടമോടുമ്പോഴാണ് ഹതാശരായ ജനതക്ക് മേല്‍ ഇരുട്ടടിപോലെ പ്രധാനമന്ത്രി നരേന്ദ്രമോദി എണ്ണ വില യാതൊരു നിയന്ത്രണവുമില്ലാത്ത വിധം വര്‍ദ്ധിപ്പിച്ച് തീരാ ദുരിതം തീര്‍ക്കുന്നത്. രാജ്യം കൊടിയ വിപത്തിലേക്കാണ് കടന്നു പോകുന്നത്. ആത്മഹത്യകളും കുടുംബത്തകര്‍ച്ചകളും പെരുകി വരുന്നു.
അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് ചാവേറുകളായാണ് പ്രവര്‍ത്തിച്ചതെന്ന് എഎ ഷുക്കൂര്‍

ബസ് യാത്രാനിരക്ക്, വൈദ്യുതി നിരക്ക്, നിത്യോപയോഗ സാധനങ്ങളുടെ വില എല്ലാം കുതിച്ചു കയറുന്നു. ശക്തമായ ജനകീയ പ്രതിഷേധത്താല്‍ മാസങ്ങള്‍ക്കു മുമ്പ് ഇന്ധന വിലയുടെ എക്സൈസ് തീരുവയില്‍ ഇളവ് വരുത്താന്‍ നിര്‍ബന്ധിതമായ കേന്ദ്ര ഭരണാധികാരികള്‍ ഇന്ന് കൂട്ടു പലിശയടക്കം ചുമത്തി ലിറ്ററിന് 12 രൂപയ്ക്ക് മേല്‍ വര്‍ദ്ധന നടപ്പാക്കിയിരിക്കുന്നു. ഇന്നത്തെ പെട്രോള്‍ വില 117.19 ഉം ഡീസല്‍ വില 103.95 ഉം ആണ്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ലിറ്ററിന് 50 രൂപയ്ക്ക് എണ്ണ നല്‍കുമെന്ന് പൊതുസമൂഹത്തോട് പ്രഖ്യാപിച്ച കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് ആത്മാഭിമാനമുണ്ടെങ്കില്‍ പരസ്യമായി പ്രതിഷേധിക്കാന്‍ മുന്നോട്ടു വരണം. ഇത് തീവെട്ടിക്കൊള്ളയാണ്. ജനങ്ങളെ പോക്കറ്റടിക്കുകയാണ്. പാവപ്പെട്ട ജനതയെ മരണത്തിലേക്ക് തള്ളിവിടുകയാണ്.
സംസ്ഥാനം ഭരിക്കുന്ന ഇടതു ഭരണം അധിക നികുതി വരുമാനത്തില്‍ ആഹ്ലാദം കൊള്ളുകയാണ്. സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി വരുമാനത്തില്‍ ഇളവ് വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ‘ജനപക്ഷമെന്ന്’ ഉദ്ഘോഷിക്കുന്ന പിണറായി പക്ഷത്തിന് സാധിക്കുന്നില്ല. അത്തരം ആവശ്യങ്ങളെപ്പോലും ഇവര്‍ പരിഹസിച്ചു തള്ളുകയാണ്. കേന്ദ്രവും കേരളവും ജനവിരുദ്ധതയുടെ നേര്‍ അടയാളമാവുകയാണ്. രാജ്യത്തെയും കേരള സംസ്ഥാനത്തേയും വിലയക്കയറ്റത്തിന്റെ തീരാ ദുരിതങ്ങളിലേക്ക് തള്ളി വിടുന്ന കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ കെ.പി.സി.സി എക്സിക്യൂട്ടീവ് ശക്തമായി പ്രതിഷേധിക്കുന്നു. പോരാടുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല എന്ന തിരിച്ചറിവോടെ പ്രതിഷേധ ജ്വാലയാവാന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

അവതാരകന്‍ – എഎ ഷുക്കൂര്‍
കെപിസിസി ജനറല്‍ സെക്രട്ടറി

Leave Comment