സൗഹൃദ സമീപനത്തിൻ്റെ മനോഹാരിത കെ.സുധാകരൻ എംപി കെപിസിസി പ്രസിഡന്റ്

Spread the love

രാഷ്ട്രീയത്തില്‍ വിവേകവും വിജ്ഞാനവും പ്രായോഗികതയും സമന്വയിപ്പിച്ച നേതാവാണ് കെ.ശങ്കരനാരായണന്‍. മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തില്‍ നേതൃവൈഭവം അത്യാവശ്യ ഘടകമാണ്. അത് ആവോളം ഉള്‍ക്കൊണ്ട പക്വമതിയായിരുന്നു അദ്ദേഹം. യുഡിഎഫ് കണ്‍വീനര്‍ പദവിയില്‍ പതിനാറ് വര്‍ഷം ഇരുന്നപ്പോള്‍ അനുപമായ രാഷ്ട്രീയ സമീപനം അദ്ദേഹം കൈ കൊണ്ടിരുന്നു. ഈ ശൈലീ മഹത്വം ശങ്കരനാരായണന് ലഭിച്ചത് കോണ്‍ഗ്രസ്സ് പാരമ്പര്യത്തില്‍ നിന്നാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കേന്ദ്രങ്ങളെന്ന് അവര്‍തന്നെ വിശേഷിപ്പിച്ചിരുന്ന പാലക്കാടന്‍ മേഖലയില്‍ കോണ്‍ഗ്രസ്സിന്റെ കൊടുങ്കാറ്റായി വരാനും മാർക്സിസ്റ്റ് പാര്‍ട്ടിയെ അമ്പരിപ്പിക്കാനും കഴിഞ്ഞു.മികച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തിലൂടെ മാർക്സിയൻ വിവരക്കേടുകളെ അപ്പൂപ്പന്‍താടിപോലെ പറത്തി. . തൃത്താലയിലും ശ്രീകൃഷ്ണപുരത്തും പാലക്കാടും ശങ്കരനാരായണന്‍ വിജയം വരിച്ചത് കോണ്‍ഗ്രസ്സിന്റെ സംഘടിത ബലംകൊണ്ട് മാത്രമാണ്.

Congress Leader K Sankara Narayanan Passes away, Thiruvananthapuram, News, Politics, Congress, Dead, Obituary, Kerala

എന്‍റെ പൊതുജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിത്വമാണ് കെ.ശങ്കരനാരായണന്‍ എന്ന നേതാവിന്‍റെത്. രാഷ്ട്രീയ രംഗത്ത് കൃത്യമായ ദിശാബോധം നല്‍കാന്‍ അദ്ദേഹവുമായുള്ള സംഘടനാപ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്. പൊതുരംഗത്ത് എന്‍റെ വഴികാട്ടിയും മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹം . സംഘടനാ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായിരുന്ന അദ്ദേഹം വിദ്യാര്‍ത്ഥി,യുവജന പ്രസ്ഥാനങ്ങളുടെ ഉള്‍പ്പെടെ ഓട്ടേറെ ചുമതലകള്‍ അദ്ദേഹം തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. കുറച്ച് കാലമായി, അസുഖബാധിതനായി ഇരുന്ന അദ്ദേഹത്തെ ഞാൻ രണ്ട് തവണ കാണാൻ പോയിരുന്നു. അപ്പോഴൊന്നും ഒരിക്കലും ഇത് അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ അവസാന നാളുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ല. തമാശയൊക്കെ പറഞ്ഞ് കൈപിടിച്ച് മുറ്റത്ത് വരെ വന്ന് ഞങ്ങളെ യാത്രയാക്കിയ അദ്ദേഹത്തിൻ്റെ ചിത്രം മനസ്സിൽ നിന്ന് മായുന്നില്ല.

അടിത്തട്ടുമുതല്‍ കോണ്‍ഗ്രസ്സിനെ അറിഞ്ഞ നേതാവാണ് അദ്ദേഹം. ഗവര്‍ണര്‍സ്ഥാനത്തിരിക്കുമ്പോഴും പദവി ഒഴിയുമ്പോഴും കോണ്‍ഗ്രസ്സിനെ സ്‌നേഹിക്കാന്‍ ശങ്കരനാരായണന് സാധിച്ചത് അതുകൊണ്ടാണ്. ജനങ്ങളുടെ ഒപ്പം നില്‍ക്കുകയും ഇടപെടുകയും ജനങ്ങളാണ് തന്നെ വലുതാക്കിയതെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരു നേതാവിന് മാത്രമെ ഈ മനോഭാവം ഉണ്ടാവൂ. പദവി ലഭിച്ചുകഴിഞ്ഞ് പട്ടംപോലെ പറക്കുന്നതല്ല നല്ല രാഷ്ട്രീയം. പ്രവർത്ത കരുടെ കയ്യിൽ ചരട് ഉണ്ടാകണമെന്ന് എപ്പോഴും അദ്ദേഹം കരുതി. രാഷ്ട്രീയ നഭസില്‍ മിന്നിത്തിളങ്ങുമ്പോഴും താഴത്തെ പുല്‍ക്കൊടിയെ നോക്കി അദ്ദേഹത്തിന് സ്‌നേഹം പങ്കുവെയ്ക്കാന്‍ സാധിച്ചു. താഴെതട്ടും മേല്‍തട്ടും രാഷ്ട്രീയത്തില്‍ ഒന്നാണെന്ന് കരുതി. വിവേകത്തിനാണ് രാഷ്ട്രീയത്തില്‍ വിജയമെന്ന് അദ്ദേഹം തെളിയിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താന്‍ ആഗ്രഹിച്ച പദവി ഒരു തവണ കൈവിട്ട് പോയപ്പോള്‍ പരിഭവിച്ച് മാറിനില്‍ക്കാതെ മുന്നോട്ട് വരാനും മുന്നേറാനും കഴിഞ്ഞു. വെട്ടിപ്പിടിക്കലിലല്ല സ്വയംകൈവരുന്നതിനാണ് ശാശ്വതം എന്ന് അദ്ദേഹത്തിൻ്റെ ജീവിതംഓർമ്മിപ്പിക്കുന്നു.
മുന്നണി കണ്‍വീനര്‍ എന്ന നിലയ്ക്ക് കക്ഷി നേതാക്കളെ ശങ്കരനാരായണന്‍ ഏകോപിപ്പിച്ചത് ഭീഷണിപ്പെടുത്തിയല്ല. ഏകോപനം എന്നതിന്റെ അര്‍ത്ഥം എതിര്‍പക്ഷത്തുള്ളവര്‍ക്ക് ഇനിയും മനസ്സിലാക്കാന്‍ കഴിയാത്ത കാലത്താണ് ശങ്കരനാരായണന്‍ രണ്ട്പതിറ്റാണ്ട് മുമ്പ് പതിനാല് വര്‍ഷം കക്ഷിഏകോപനം മനോഹരമാക്കിയത്. .1986 മുതല്‍ 2001 വരെ അദ്ദേഹം യുഡിഎഫ് കണ്‍വീനറായിരുന്നു. ദേശീയസംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ സംഭവ പരമ്പര ഇക്കാലത്തുണ്ടായി. മുന്നണിയിലെ ഘടകകക്ഷികള്‍ ചില ഘട്ടങ്ങളില്‍ പകച്ച് നിന്നപ്പോള്‍ അവരെ സാന്ത്വനമേകി രാഷ്ട്രീയഭാവി സുരക്ഷിതമാണെന്ന് ഉറപ്പുകൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
സംസ്ഥാന മന്ത്രി പദവികള്‍ വഹിച്ചകാലത്തും കോണ്‍ഗ്രസ്സിലെ പരമ്പരാഗത ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ വിശ്വസിച്ച കാലത്തും ആരെയും മുറിവേല്‍പ്പിക്കാതെ മുന്നോട്ട് പോയി. കൃഷിവകുപ്പും ധനവകുപ്പും ഭരിച്ച അദ്ദേഹം എക്‌സൈസ് വകുപ്പിന്റെയും മന്ത്രിയായി. തനി ഗാന്ധിയനായ തെളിമയുള്ള മനസ്സിന്റെ ഉടമയായ ശങ്കരനാരായണന്‍ എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ അതിലും അദ്ദേഹം ഒരു ഭരണാധികാരിയുടെ മുദ്രചാര്‍ത്തി. ഭരണഘടനാപരമായ ബാധ്യതകള്‍ നിര്‍വ്വഹിക്കപ്പെടാനുള്ള പദവിയാണ് മന്ത്രിസ്ഥാനമെങ്കിലും അവിടെ ജനഹിതമറിയാനും അദ്ദേഹം ശ്രമിച്ചു .

2001 ൽഎ കെ.ആൻ്റണി മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കേ ശങ്കരനാരായണൻ ആത്മാർത്ഥതയോടെ പ്രവർത്തിച്ചു.ഇടത് ഭരണം വികലമാക്കിയ സാമ്പത്തികരംഗം മെച്ചപ്പെടുത്തിയ വൈഭവം അന്ന് കേരളം കണ്ടു.
ഇന്നത്തെ ഇടത് ഭരണത്തിലെദുർബല ധനസ്ഥിതിയാണുമ്പോൾ ഭരണവർഗം ശങ്കരനാരായണനിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു.
ചെറിയ പ്രദേശമായ നാഗാലാന്റിലെ ഗവര്‍ണറായി പോകാന്‍ മുതിര്‍ന്ന നേതാവായ ശങ്കരനാരായണന് തെല്ലും മടിയുണ്ടായില്ല. സമ്പന്നമായ മഹാരാഷ്ട്രയുടെ ഗവര്‍ണര്‍സ്ഥാനം കയ്യാളിയപ്പോഴും ഭാവം മാറിയില്ല. . ഗവര്‍ണര്‍ പദവിയിലിരുന്നും ജനകീയ പ്രശ്‌നങ്ങള്‍ ഭംഗിയായി പരിഹരിച്ച നേതാവായിരുന്നു അദ്ദേഹം. ജാര്‍ഘണ്ഡില്‍ രാഷ്ട്രപതിഭരണം നടക്കുമ്പോഴാണ് അത് ഏറെവ്യക്തമായത്. പദവിയിലിരിക്കുമ്പോള്‍ പകിട്ടുണ്ടാകാമെങ്കിലും കോണ്‍ഗ്രസ്സാണ് കാരണമെന്ന് ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് കോണ്‍ഗ്രസ്സിന് കേന്ദ്രഭരണം നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം ഗവര്‍ണര്‍പദവി ഒഴിഞ്ഞത്. മഹാരാഷ്ട്രയില്‍ നിന്നും മിസോറാമിലേക്ക് ബിജെപി ഗവണ്‍മെന്റ് അദ്ദേഹത്തെ മാറ്റിയപ്പോള്‍ അവിടെ ഒതുങ്ങികൂടി വിധേയനാകാന്‍ ഒരുമ്പെട്ടില്ല. അങ്ങനെ നിലപാട് ഉണ്ടായി രുന്നെങ്കില്‍ സ്ഥാനങ്ങള്‍ പിന്നാലെ വരുമായിരുന്നു. രാഷ്ട്രീയത്തില്‍ സ്ഥാനംപോകുമ്പോള്‍ പരിഭ്രമിക്കുന്ന നേതാക്കള്‍ കൂടിവരുന്ന കാലത്ത് പാര്‍ട്ടിയാണ് മഹനീയമെന്ന് ശങ്കരനാരായണന്‍ ഓര്‍മ്മിപ്പിക്കുന്നു. ലാളിത്യം ത്യാഗം സൗഹാര്‍ദ്ദം വിമര്‍ശനം ചോദ്യം ചെയ്യല്‍ ഇതെല്ലാം ഉള്‍ക്കൊണ്ട നേതൃവൈഭവമാണ് ശങ്കരനാരായണന്‍. അത് അദ്ദേഹത്തിൽ മേന്മയുണ്ടാക്കി.
ഒരു തലമുറയുടെ പ്രതീകമായി അദ്ദേഹം ജനമനസിൽ തെളിഞ്ഞ് തന്നെ നിൽക്കും. ബഹുമാന്യനായ ശങ്കരനാരായണൻ്റെ വേർപാടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദു:ഖിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *