തലശ്ശേരി പൈതൃക ടൂറിസം: മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ഏഴിന്

യാഥാർഥ്യമാകുന്നത് ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയവും നവീകരിച്ച തലശ്ശേരി സെൻറ് ആംഗ്ലിക്കൻ ചർച്ചും താഴെ അങ്ങാടി സ്ട്രീറ്റും

ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുന്ന പദ്ധതികളായ ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയം, നവീകരിച്ച തലശ്ശേരി സെൻറ് ആംഗ്ലിക്കൻ ചർച്ച്, താഴെ അങ്ങാടി സ്ട്രീറ്റ് എന്നിവയുടെ ഉദ്ഘാടനം മെയ് ഏഴ് ശനിയാഴ്ച നടക്കും.
വൈകീട്ട് 5.30ന് ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയവും ആറിന് നവീകരിച്ച തലശ്ശേരി സെൻറ് ആംഗ്ലിക്കൻ ചർച്ച്, താഴെ അങ്ങാടി സ്ട്രീറ്റ് എന്നിവയും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയം

ജർമ്മൻകാരനായ അക്ഷരസ്‌നേഹി ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശ്ശേരി നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ ‘ഗുണ്ടർട്ട് ബംഗ്ലാവ് ഡെവലപ്‌മെന്റ് ഓഫ് കംപോണൻറ്‌സ്’എന്ന സ്വപ്നപദ്ധതി 4.34 കോടി രൂപ ചെലവഴിച്ചാണ് യാഥാർഥ്യമാക്കിയത്. മലയാളത്തിലെ ആദ്യവർത്തമാനപത്രം പിറന്ന ഇല്ലിക്കുന്ന് ബംഗ്ലാവ് മലയാള ഭാഷയെയും സംസ്‌കാരത്തെയും മാധ്യമ ചരിത്രത്തെയും അടുത്തറിയാനുള്ള അറിവ് പകരുന്നതോടൊപ്പം ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശ ഭാഷ കുതുകികളായ ചരിത്രവിദ്യാർഥികൾക്കും പ്രയോജനപ്പെടും.
ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷാപഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യവുമുണ്ടാവും.

Leave Comment