പ്രാരംഭഘട്ടത്തില്‍ ലക്ഷ്യമിടുന്നത് 15 കോടി നിക്ഷേപവും 750 തൊഴിലവസരങ്ങളും പുന്നപ്ര വ്യവസായ സമുച്ചയം

മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ: പുന്നപ്ര വ്യവസായ എസ്റ്റേറ്റില്‍ നിര്‍മിച്ച ബഹുനില വ്യവസായ സമുച്ചയത്തിന്‍റെ ഉദ്ഘാടനനം നാളെ (മെയ് 9) വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. വിവിധോദ്ദേശ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിന്‍റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെയും നിര്‍മ്മാണോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും.

ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ബഹുനില വ്യവസായ എസ്റ്റേറ്റ് എന്ന ആശയയത്തില്‍ സമുച്ചയം നിര്‍മിച്ചത്. പ്രാരംഭ ഘട്ടത്തില്‍ 15 കോടി രൂപയുടെ നിക്ഷേപവും 750 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കാന്‍ വ്യവസായ സമുച്ചയത്തിലെ പുതു സംരംഭങ്ങള്‍ക്ക് കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

12.86 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പദ്ധതി 4251 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മിച്ചിരിക്കുന്നത്. സംരംഭങ്ങള്‍ക്ക് അനുവദിച്ചു നല്‍കുന്നതിനായി മൂന്നു നിലകളിലായി 37 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.

വൈകുന്നേരം നാലിന് വ്യവസായ സമുച്ചയ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജി രാജേശ്വരിയും വിശിഷ്ടാതിഥികളായി പങ്കെടുക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബ രാകേഷ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജിതാ സതീശന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിറ്റി തോമസ്, നഗരസഭാ കൗണ്‍സിലര്‍ ബി. അജേഷ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് അംഗം വിശാഖ് വിജയന്‍, കിറ്റ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഡബ്ലിയു.ആര്‍. ഹരിനാരായണരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി.ഒ രഞ്ജിത്ത്, പി.ഡബ്ല്യു.ഡി ബില്‍ഡിംഗ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ഐ നസീം, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം.പ്രവീണ്‍, കെ.എസ്.എസ്.ഐ.എ ആലപ്പുഴ പ്രസിഡന്‍റ് വി.കെ ഹരിലാല്‍, വാടയ്ക്കല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പി.വി രാജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave Comment