മികച്ച വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതിന് മികച്ച അധ്യാപക പരിശീലനം അനിവാര്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

Spread the love

അവധിക്കാല അധ്യാപക സംഗമങ്ങള്‍ക്ക് തുടക്കം.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2022-23 അക്കാദമിക വര്‍ഷത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള സമഗ്രശിക്ഷാ കേരളം സംഘടിപ്പിക്കുന്ന അധ്യാപക സംഗമങ്ങള്‍ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടക്കുന്ന അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. മികച്ച നിലവാരമുള്ള കുട്ടികളെ വാര്‍ത്തെടുക്കുന്നതിന് അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും അതിന് അധ്യാപക സംഗമങ്ങള്‍ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ അക്കാദമിക വര്‍ഷത്തിലേക്ക് അവതരിപ്പിക്കുന്ന പരിശീലന പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും അധ്യാപകരുടെ അനുഭവങ്ങളും അറിവുകളും കൂടി പങ്കു വയ്ക്കപ്പെടുമ്പോള്‍ ശാസ്ത്രീയമായ ശാക്തീകരണം അക്കാദമിക മേഖലയില്‍ നടപ്പിലാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്‍.പി, യു.പിതലം മുതല്‍ തന്നെ എല്ലാ വിഷയങ്ങളിലും അടിസ്ഥാന ശേഷി കൈവരിക്കാന്‍ കഴിയുന്നവരായി വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്നതിനും കോവിഡനന്തര പ്രശ്നങ്ങളെ തരണം ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനും അധ്യാപകര്‍ ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്നും സംഗമങ്ങള്‍ അതിനുള്ള ക്രിയാത്മക വേദിയായി മാറട്ടെയെന്നും മന്ത്രി അധ്യാപകര്‍ക്ക് ആശംസയറിയിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു.കെ ഐ.എ.എസ്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ്, സമഗ്രശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. സുപ്രിയ എ.ആര്‍, കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത് തുടങ്ങി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അധ്യാപക സംഗമത്തില്‍ സന്നിഹിതരായി.

കോവിഡ് കാലം കുട്ടികളില്‍ സൃഷ്ടിച്ച സാമൂഹിക പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിന് ആവശ്യമായ ധാരണകളും ശേഷികളും അധ്യാപകരില്‍ എത്തിക്കുക എന്നതില്‍ അടിസ്ഥാനപ്പെടുത്തിയാണ് അധ്യാപക സംഗമങ്ങള്‍ നടന്നു വരുന്നത്. പുതിയ അക്കാദമിക വര്‍ഷത്തില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജ്ഞാന നിര്‍മിതിക്ക് പ്രാധാന്യം നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറമെ ബ്ലന്‍ഡഡ് ലേണിംഗ്, അക്കാദമിക മാസ്റ്റര്‍ പ്ലാന്‍, ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസ ജീവിത നൈപുണി, കുട്ടിയെ അറിയല്‍, പാഠ്യപദ്ധതി പരിഷ്കരണം, ഡിജിറ്റല്‍ ശേഷി കൈവരിക്കല്‍ തുടങ്ങിയവ ആസൂത്രണം ചെയ്യും. സംസ്ഥാനത്തെ 163 സബ് ജില്ലകളിലായി 1061 കേന്ദ്രങ്ങളിലാണ് അധ്യാപക സംഗമം ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ യു.പി വിഭാഗത്തില്‍ 40,626 അധ്യാപകര്‍ക്കാണ് പരിശീലനം ലഭിക്കുന്നത്. തുടര്‍ന്ന് എല്‍.പി. വിഭാഗത്തിലും, ഹൈസ്കൂള്‍ തലത്തിലുമുള്ള അധ്യാപക സംഗമങ്ങള്‍ നടക്കും. സംഗമത്തിന്‍റെ നിര്‍വഹണ ചുമതല സമഗ്രശിക്ഷാ കേരളയ്ക്കാണ്. സംഗമങ്ങള്‍ മെയ് അവസാന ആഴ്ചയോടെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *