പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി: മന്ത്രി വീണാ ജോര്‍ജ്

ഡെങ്കിപ്പനി, എലിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത തുടരണം

ഭക്ഷ്യസുരക്ഷാ പരിശോധന തുടരും; ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന

എല്ലാ ജില്ലകളുടേയും ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

7,555 Dengue Fever Stock Photos, Pictures & Royalty-Free Images - iStock

ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എന്‍1, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ്, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ഷിഗല്ല കേസ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളും ശ്രദ്ധിക്കണം.

നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ഏത് പനിയാണെന്ന് ഉറപ്പിക്കണം. ജലജന്യ ജന്തുജന്യ രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വെള്ളം ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കുക. വൃത്തി വളരെ പ്രധാനമാണ്. പഴകിയ ഭക്ഷണം കഴിക്കരുത്. കൊതുക് കടിയേല്‍ക്കാതെ നോക്കണം. വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

ഹോട്ടലുകളിലേയും സ്ഥാപനങ്ങളിലേയും ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നതാണ്. ഹെല്‍ത്ത് സ്‌ക്വാഡിന്റെ അവലോകന യോഗം നടത്തും. ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന നടത്തും. കടയുടെ വൃത്തി പ്രധാനമാണ്. പഴങ്ങള്‍, വെള്ളം, കളര്‍ എന്നിവ പരിശോധിക്കും. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തി വരുന്നു. ഇത് തുടരുന്നതാണ്. പരിശോധനയോടൊപ്പം ബോധവത്ക്കരണം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave Comment