വീണ്ടും വിദ്വേഷം വെടിയുതിർക്കുന്നു !! മാത്യു ജോയിസ്, ലാസ് വേഗാസ്

പണ്ടെങ്ങോ വായിച്ച ” ദി ക്യാമ്പ് ഓഫ് ദി സെയിന്റ്‌സ്,” എന്ന ഫ്രഞ്ച് നോവലിന്റെ സാരാംശം, ഫ്രാൻസ് പിടിച്ചടക്കാൻ കുടിയേറ്റക്കാർ ഒത്തുചേരുന്ന ഒരു സാങ്കൽപ്പിക കഥ മാത്രമായിരുന്നു.

പക്ഷേ അതിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്തതാണ് “ഗ്രെയ്റ്റ് റീപ്ളേസ്മെന്റ് തിയറി” എന്ന തിരിച്ചറിവ്, രണ്ടു ദിവസ്സം മുമ്പ് വര്ണവെറി മൂത്ത ഒരാൾ, പത്തു പേരെ ഒറ്റയടിക്ക് നിഷ്കരുണം വെടിവെച്ചു കൊന്നുവെന്ന വാർത്ത കേട്ടതിന്റെ പിന്നാലെ ആണ്‌.

“ഗ്രേറ്റ് റീപ്ലേസ്‌മെന്റ്” എന്നത്, വെള്ളക്കാരല്ലാത്ത വ്യക്തികളെ അമേരിക്കയിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും കൊണ്ടുവന്ന്‌, വെള്ളക്കാരായ വോട്ടർമാരെ “പകരം” വെക്കുന്ന “ഒരു ഗൂഢാലോചന സിദ്ധാന്തമാകുന്നത്” അതിന്റെ പിന്നിൽ ഒരു രാഷ്‌ട്രീയ അജണ്ട ഉണ്ടെന്ന് പറയുമ്പോഴാണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ നിറമുള്ള ആളുകളായ കുടിയേറ്റക്കാരുടെ കുത്തൊഴുക്ക്, വെള്ളവംശത്തിന്റെ നാശത്തിലേക്കു നയിക്കുമെന്ന്, വെളുത്ത മേധാവിത്വവാദികൾ വാദിക്കുന്നു. ഇത് പലപ്പോഴും കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകളും വെള്ളക്കാരുടെ മേധാവിത്വവും ഉയർത്തിക്കാട്ടാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇപ്പോൾ വല്ലതും മനസ്സിലായോ ?.

“നമ്മുടെ ജനങ്ങളുടെ നിലനിൽപ്പും വെള്ളക്കാരായ കുട്ടികളുടെ ഭാവിയും നാം സുരക്ഷിതമാക്കണം” എന്ന ചെറിയ മുദ്രാവാക്യമാണ് വെള്ളക്കാരുടെ മേൽക്കോയ്മ പ്രസ്ഥാനത്തിന്റെ പ്രധാന കാഴ്ചപ്പാട്.

നിർഭാഗ്യവശാൽ അമേരിക്കയിൽ വിദ്വേഷ സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, എന്ന കാര്യം വിവിധ സ്ഥിതിവിവരക്കണക്കുകൾ സ്ഥിരീകരിക്കുന്നു. “നമ്മുടെ രാജ്യത്തും ലോകമെമ്പാടുമുള്ള വെളുത്ത ദേശീയതയുടെ അസ്വസ്ഥമായ ഉയർച്ചയ്ക്കിടെയാണ് ഈ വർദ്ധനവ് സംഭവിച്ചത്.”

വംശീയമായി പ്രേരിതമായ നിരവധി ആക്രമണങ്ങൾ നാം കേട്ടറിഞ്ഞിട്ടുണ്ട്: 2015-ൽ സൗത്ത് കരോലിന പള്ളിയിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു; 2018-ൽ പെൻസിൽവാനിയയിലെ ഒരു സിനഗോഗിൽ 11; 2019ൽ ന്യൂസിലൻഡിലെ ഒരു പള്ളിയിൽ 50 പേർ വെടിയേറ്റ് മരിച്ചു.

Pistol Pictures | Download Free Images & Stock Photos on Unsplash

എന്താണ് ‘ഗ്രേറ്റ് റീപ്ലേസ്‌മെന്റ്’, അത് രണ്ടു ദിവസ്സം മുമ്പ് ന്യുയോർക്കിലെ ബഫല്ലോയിൽ നടന്ന വെടിവെയ്പ് പ്രതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ശനിയാഴ്ച നടന്ന കൂട്ട വെടിവയ്പിനെ വംശീയ പ്രേരിത ആക്രമണമെന്നാണ് അധികൃതർ വിശേഷിപ്പിക്കുന്നത്.

കാരണം, പ്രതി സംശയാസ്പദമായ 180 പേജുള്ള ഒരു രേഖ എഴുതി, വംശത്തെക്കുറിച്ചും “ഗ്രേറ്റ് റീപ്ലെയ്സ്മെന്റ് ” ബന്ധത്തെക്കുറിച്ചും വിദ്വേഷം നിറഞ്ഞ ആക്ഷേപങ്ങൾ അതിൽ കുത്തി നിറച്ചിരിക്കുന്നു എന്ന് പറയപ്പെടുന്നു.

ബഫല്ലോയിൽ നടന്ന ഏറ്റവും പുതിയ കൂട്ട വെടിവയ്പിന് കസ്റ്റഡിയിലെടുത്ത പ്രതി ആക്രമണം നടത്താൻ 200 മൈൽ അകലെയുള്ള ന്യു യോർക്കിലെ ബ്രൂം കൗണ്ടിയിൽ നിന്ന് വന്നതായിരുന്നെന്ന്‌ പോലീസ് അറിയിച്ചു. ഇരകളിൽ ഭൂരിഭാഗവും കറുത്തവർഗ്ഗക്കാരായിരുന്നു.

കൂട്ട തീവ്രവാദികൾക്ക് സമാനമായി, ബഫലോയിൽ 10 പേരെ കൊല്ലുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് കുറ്റാരോപിതനായ 18 വയസ്സുള്ള വെള്ളക്കാരനായ പേറ്റൺ ജെൻഡ്രൺ, വെള്ളക്കാരുടെ ജനനനിരക്ക് കുറയുന്നത് വംശഹത്യക്ക് തുല്യമാണെന്ന് തന്റെ കുറിപ്പിൽ പറയുന്നു. മാത്രമല്ല, കുടിയേറ്റക്കാർക്കായി യു.എസിന് അതിർത്തികൾ അടയ്ക്കേണ്ടിവരുമെന്ന് ആരോപണവിധേയരായ സൂപ്പർമാർക്കറ്റ് ഷൂട്ടറും മറ്റ് തീവ്രവാദികളും അവകാശപ്പെടുന്നു.

കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും “റീപ്ളേസ്മെന്റ് തീയറി ” പ്രകാരം വെള്ളക്കാരുടെ രാഷ്ട്രീയ ശക്തിയും സംസ്കാരവും മനഃപൂർവ്വം മാറ്റിസ്ഥാപിക്കുന്നു എന്ന ആശയത്തെ സൂചിപ്പിക്കുന്നു. ഇമിഗ്രേഷൻ വിരുദ്ധ ഗ്രൂപ്പുകളും വെളുത്ത മേധാവിത്വവാദികളും ഗൂഢാലോചന സിദ്ധാന്തത്തെ അവരുടെ അടിസ്ഥാനരഹിതമായ വാദവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു, വെള്ള വംശത്തെ നശിപ്പിക്കാനോ തുരങ്കം വയ്ക്കാനോ വേണ്ടി വരേണ്യവർഗമാണ് കുടിയേറ്റ അനുകൂല നയങ്ങൾ രൂപകൽപന ചെയ്തത്. കുടിയേറ്റക്കാരും വെള്ളക്കാരല്ലാത്തവരും ഒരു നിശ്ചിത രീതിയിൽ വോട്ട് ചെയ്യുമെന്നും, ആത്യന്തികമായി വെള്ളക്കാരായ അമേരിക്കക്കാരുടെ വോട്ടുകൾ മുക്കിക്കളയുമെന്നും അവരുടെ ആദ്യ അവകാശവാദം അനുമാനിക്കുന്നു.

” രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ നിറമുള്ള ആളുകളെ ഒരു ഭീഷണിയായി കാണുമ്പോഴാണ് വെളുത്ത ദേശീയ പ്രസ്ഥാനങ്ങൾ ഉണ്ടാകുന്നത് ” എന്നാണ് വിൻത്രോപ്പ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും ആഫ്രിക്കക്കാരനുമായ അഡോൾഫസ് ബെൽക്ക് ജൂനിയർ, നടത്തിയ അമേരിക്കൻ പഠനങ്ങൾ പറയുന്നത്.

“വെള്ളക്കാർ മേലാൽ സാധാരണ ജനങ്ങളിൽ ഭൂരിപക്ഷമായിരിക്കില്ല, മറിച്ച് ഒരു ബഹുത്വം മാത്രമായി പരിണമിച്ചേക്കാം, അത് അവരുടെ സ്വന്തം ക്ഷേമത്തിനും രാജ്യത്തിന്റെ ക്ഷേമത്തിനും ഒരു ഭീഷണിയായി കാണുന്നു.” എന്ന ചിന്തയിൽ വെളുത്ത ദേശീയവാദികൾ ആശങ്കാകുലരാണ്, അതിന്റെ ബഹിർസ്പുരണങ്ങളായിരിക്കാം, വിദ്വേഷത്തിന്റെ ഭാഷയിൽ കൊന്നൊടുക്കാൻ ചീറി വരുന്ന ബുള്ളറ്റുകൾക്കും നമ്മോട് ഉത്ബോധിപ്പാനുള്ളതും !

Dr.Mathew Joys

Leave Comment