കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കാൻ സ്‌കൂളിൽ അധ്യാപകനെ ചുമതലപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി

Spread the love

കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ സ്‌കൂളുകളിൽ ഒരു അധ്യാപകനെ ചുമതലപ്പെടുത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കുട്ടികളിൽ ടൈപ്പ് വൺ പ്രമേഹം വർധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ രക്ഷിതാക്കളുടെ നിവേദന പ്രകാരം ഇൻസുലിൻ കുത്തിവെയ്പ്പിനു സൗകര്യമാകുന്ന രീതിയിൽ ഒരു ക്ലാസ്‌റൂം സജ്ജമാക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് കാലത്തിനു ശേഷം സ്‌കൂൾ തുറന്നപ്പോൾ പുറത്തിറക്കിയ മാർഗരേഖ പാലിച്ചാകും ഇത്തവണയും വിദ്യാലയങ്ങൾ തുറക്കുകയെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികൾ നിർബന്ധമായും മാസ്‌ക് ധരിക്കണം, കൈകൾ സാനിറ്റൈസ് ചെയ്യണം. മെയ് 27, 28, 29 തീയതികളിൽ സംസ്ഥാനത്ത് പ്രാദേശിക അടിസ്ഥാനത്തിൽ കുട്ടികൾക്ക് വാക്‌സിൻ യജ്ഞം സംഘടിപ്പിക്കും. ആശുപത്രികൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ തുടങ്ങിയവ വഴി വാക്‌സിനേഷൻ നടത്താം. സ്‌കൂൾ തുറക്കുന്ന ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ വാക്‌സിൻ ലഭിക്കാത്ത കുട്ടികളുടെ കണക്കെടുത്ത് സ്‌കൂളിൽത്തന്നെ വാക്‌സിൻ നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എൽസി പരീക്ഷാ മാന്വൽ തയ്യാറാക്കുന്നതിനു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എസ്ഇആർടിക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. പുതിയ പരീക്ഷാമാന്വലിന്റെ അടിസ്ഥാനത്തിലാകും അടുത്ത എസ്എസ്എൽസി പരീക്ഷ നടത്തുകയെന്നും മന്ത്രി പറഞ്ഞു.

Author