വനിതാ സാമാജികരുടെ ദ്വിദിന ദേശീയ കോൺഫറൻസിനു സമാപനം

തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ കോൺഫറൻസിനു സമാപനം. സ്ത്രീകൾക്ക് സംസ്ഥാന നിയമസഭകളിലും ലോക്സഭയിലും 33 ശതമാനം സംവരണം വിഭാവനം ചെയ്യുന്ന വനിതാ സംവരണ ബിൽ പാസാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുക, പൊതു ഇടങ്ങളിലും ഓൺലൈനിലും വനിതകൾക്കെതിരേ നടക്കുന്ന അപകീർത്തികരമായ പരാമർശങ്ങൾ തടയുന്നതിനു സമഗ്ര നിയമ നിർമാണം നടത്തുക എന്നീ രണ്ടു പ്രമേയങ്ങൾ സമ്മേളനം പാസാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 120 പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുത്തത്.നിയമനിർമാണ സഭകളിൽ 33 ശതമാനം സംവരണം അനുവദിക്കുന്നതു സംബന്ധിച്ച പ്രമേയം ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും വനിതകൾക്കെതിരായ അപകീർത്തി പരാമർശം തടയുന്നതിനുള്ള നിയമ നിർമാണം ആവശ്യപ്പെട്ടുള്ള പ്രമേയം തമിഴ്‌നാട്ടിൽ നിന്നുള്ള എം.എൽ.എ എ. തമിഴരശിയുമാണ് അവതരിപ്പിച്ചത്.നിയമനിർമാണ സഭകളിൽ വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ കഴിഞ്ഞ 26 വർഷമായി പാർലമെന്റിന്റെ അധോസഭയുടെ പരിഗണനയിലാണെുന്നു പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ എതിർപ്പുകളെത്തുടർന്നു ബില്ല് പാസാക്കാൻ കഴിഞ്ഞിട്ടില്ല. സംവരണ ബില്ല് പാസാകാതിരിക്കെപോലും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 78 വനിതകൾ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഇതു നേട്ടമാണെന്നു കരുതാൻ കഴിയില്ല. നിയമനിർമാണ സഭകളിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച രാജ്യാന്തര റാങ്കിങ്ങിൽ ഇന്ത്യ 148-ാം സ്ഥാനത്താണ്. 1995ൽ 95-ാം സ്ഥാനത്തായിരുന്ന ശേഷമാണ് ഈ പിന്നോട്ടുപോക്കെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ മുതിർന്ന വനിതാ രാഷ്ട്രീയ നേതാക്കളെപ്പോലും അപകീർത്തിപ്പെടുന്ന സാഹചര്യം വ്യാപകമാകുകയാണെന്ന് ഇതു സംബന്ധിച്ച പ്രമേയം ചൂണ്ടിക്കട്ടുന്നു. പുരുഷാധിപത്യത്തിന്റെ മോശം രൂപത്തിന്റെ പ്രതിഫലനമായി ഇതു മാറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, ദുരുപയോഗം, അപകീർത്തികരമായ പ്രസ്്താവനകൾ, സ്ത്രീവിരുദ്ധ പെരുമാറ്റം തുടങ്ങിയ തടയുന്നതിന് രാജ്യവ്യാപകമായി നടപ്പാക്കാൻ കഴിയുന്ന സമഗ്ര നിയമ നിർമാണം വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഇരു പ്രമേയങ്ങളും ഏകകണ്ഠമായി സമ്മേളനം പാസാക്കി.സമാപന സമ്മേളന ശേഷം സാമാജികർ തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഇന്ന് (മേയ് 28) പൊൻമുടി, അഷ്ടമുടികായൽ, കന്യാകുമാരി എന്നിവിടങ്ങളിൽ ഇവർ സന്ദർശനം നടത്തും.

Leave Comment