പൊതുജനങ്ങള്‍ക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Spread the love

കൊച്ചി: ഓഹരി വിപണിയിലെ നിക്ഷേപ സാധ്യതകളും സമ്പത്ത് സൃഷ്ടിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പൊതുജനങ്ങളിലെത്തിക്കുന്നതിന് ധനമന്ത്രാലയം സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. എറണാകുളം പള്ളിമുക്ക് കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പരിപാടി. ധനമന്ത്രാലയത്തിന് കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണ വകുപ്പ് (ദീപം) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ദീപം വെബ്‌സൈറ്റിലെ https://dipam.gov.in/capitalMarketConfRgstrtn ഈ ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ധനമന്ത്രാലം സംഘടിപ്പിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ് കോണ്‍ഫറന്‍സ്’ എന്ന പേരിലുള്ള ഈ സമ്മേളനം രാജ്യത്തുടനീളം 75 നഗരങ്ങളില്‍ വെള്ളിയാഴ്ച ഒരേസമയം നടക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്യും. മൂലധന വിപണിയിലൂടെ സമ്പത്ത് സൃഷ്ടിക്കാം എന്ന വിഷയത്തില്‍ ഓഹരി വിപണിയുടെ നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമാണ് സമ്മേളനം. ഇന്ത്യയിലെ ഓഹരി വിപണി, നിക്ഷേപകര്‍ ഓഹരി വിപണിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഓഹരികളുടെ വില്‍പ്പനയും കൈമാറ്റവും, വിപണി ധാര്‍മികത തുടങ്ങി വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകളെടുക്കും.

ദീപം ഡയറക്ടര്‍ ഡോ. റോസ് മേരി കെ അബ്രഹാം, കലക്ടര്‍ ജാഫര്‍ മാലിക്, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച് ചെയര്‍മാന്‍ ഡോ. ധനുരാജ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍, കുസാറ്റ് പ്രൊഫസര്‍ ഡോ. സന്തോഷ് കുമാര്‍, സെബി സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ട്രെയ്നറും വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍എസ്എസ് കോളെജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സനേഷ് സി, വനിതാ നിക്ഷേപക ശ്യാമ കനകചന്ദ്രന്‍, ബിഎസ്ഇ ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ ലിയോ പീറ്റര്‍, എന്‍എസ്ഇ ഡെപ്യൂട്ടി മാനേജറും കേരള മേധാവിയുമായ അനന്ദു ഷാജി തുടങ്ങി ബാങ്കിങ്, ഓഹരി നിക്ഷേപ രംഗത്തെ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

Report : Anju V Nair (Accounts Manager)

Author