യുവാക്കളെ തൊഴില്‍സജ്ജരാക്കാന്‍ നൈപുണ്യ വികസന സംവിധാനങ്ങള്‍ ഏകോപിപ്പിക്കും

Spread the love

മെച്ചപ്പെട്ട നൈപുണ്യ പരിശീലനം നല്‍കി ആഗോളതലത്തില്‍ തൊഴില്‍ നേടാന്‍ യുവതീ യുവാക്കളെ പ്രാപ്തരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി നൈപുണ്യ വികസനത്തിനായുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും പൊതുവിദ്യാഭ്യാസ,തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസത്തിന്റെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും ബഹുദൂരം മുന്നിലാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും യൂത്ത് ഇന്നൊവേഷന്‍ അവാര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ സങ്കല്‍പിന്റെ ഭാഗമായി ഹ്രസ്വകാല നൈപുണ്യ പരിശീലനം കഴിഞ്ഞ യുവജനങ്ങള്‍ക്കാണ് യൂത്ത് ഇന്നൊവേഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. അവാര്‍ഡിന്റെ ലോഗോ പ്രകാശനം തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി നിര്‍വഹിച്ചു. അക്കൗണ്ടിംഗ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും ടാലി എഡ്യൂക്കേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന പരിശീലന പദ്ധതി സംബന്ധിച്ച ധാരണാപത്രം കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് മാനേജിങ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ പി ശിവശങ്കരന് കൈമാറി. കേരളത്തില്‍ ടാലി പരിശീലനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കെയ്‌സിന്റെയും ടാലിയുടെയും സംയുക്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കും.സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാര്‍ ആദരിച്ചു. വിവരസാങ്കേതിക വിദ്യയിലുള്‍പ്പെടുന്ന സൈബര്‍ സെക്യൂരിറ്റിയും മൊബൈല്‍ റോബോട്ടിക്‌സും ഉള്‍പ്പെടെയുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

Author