ബഫര്‍സോണ്‍: ഉപഗ്രഹസര്‍വ്വേയും ജനവാസമേഖലയിലെ കണക്കെടുപ്പും അനുവദിക്കില്ല: ഇന്‍ഫാം

Spread the love

കൊച്ചി: ബഫര്‍ സോണിന്റെ ദൂരപരിധി നിര്‍ണ്ണയിക്കാന്‍ വനംവകുപ്പിന്റെ കൈയ്യിലുള്ള ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതും വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ വരെയുള്ള ജനവാസകേന്ദ്രങ്ങള്‍, വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികശ്, കൃഷിസ്ഥലങ്ങള്‍, തോട്ടങ്ങള്‍ എന്നിവയുടെ കണക്കെടുപ്പു നടത്തുന്നതും കര്‍ഷകര്‍ യാതൊരുകാരണവശാലും അനുവദിക്കരുതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ മാത്രമായി നിജപ്പെടുത്തണമെന്ന ഉറച്ചനിലപാടില്‍ കേന്ദ്രസര്‍ക്കാരിനെയും സുപ്രീം കോടതിയെയും കേന്ദ്ര എംപവേര്‍ഡ് കമ്മറ്റിയെയും സമീപിക്കുവാന്‍ ശ്രമിക്കാതെ ബഫര്‍ സോണിനായി റവന്യൂ ഭൂമിയിലെ കണക്കെടുപ്പുകള്‍ നടത്തുന്നത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കും.

റബര്‍, പ്ലാവ്, മാവ് തുടങ്ങി ഒട്ടേറെ വന്‍ഫലവൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന കൃഷിയിടങ്ങളുള്ള സംസ്ഥാനത്ത് ഉപഗ്രഹ സര്‍വ്വേയിലൂടെ നടത്തുന്ന വനാതിര്‍ത്തി നിര്ണ്ണയത്തില്‍ കൃത്യതയുണ്ടാവില്ല.
കര്‍ഷക കൃഷിഭൂമിയും വനപ്രദേശത്തിന്റെ പരിധിയിലാക്കുവാനേ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ഉപകരിക്കൂ. ബഫര്‍സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തുമ്പോള്‍ സര്‍വ്വേപോലും വനാതിര്‍ത്തിക്കുള്ളില്‍ മാത്രമേ ആവശ്യമുള്ളൂ. ജണ്ടയിട്ടുതിരിച്ചിരിക്കുന്ന വനാതിര്‍ത്തിക്കു പുറത്തുള്ള റവന്യൂ ഭൂമിയില്‍ കോടതിവിധിയുടെ പേരിലാണെങ്കിലും വനംവകുപ്പിന്റെ ഒരിടപെടലുകള്‍ക്കും അവസരം സൃഷ്ടിക്കരുത്. കൃഷിഭൂമിയില്‍ വനംവകുപ്പിന്റെ കടന്നുകയറ്റമുണ്ടായാല്‍ എന്തുവിലകൊടുത്തും മലയോരജനത ഒറ്റക്കെട്ടായി എതിര്‍ക്കണം. ബഫര്‍സോണ്‍ വനത്തിനുള്ളില്‍ എന്ന നിലപാടില്‍ വെള്ളംചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. വനംവകുപ്പിനെ ഉദ്യോഗസ്ഥ ഭരണത്തിന്റെ അടിമത്വത്തിലേയ്ക്ക് തള്ളിവിട്ട് നിഷ്‌ക്രിയരായി ജനപ്രതിനിധികളും ഭരണസംവിധാനങ്ങളും അധഃപതിച്ചിരിക്കുന്ന ദുര്‍വിധി കേരളത്തില്‍ മാത്രമേയുള്ളുവെന്നും പതിറ്റാണ്ടുകളായി കര്‍ഷകന്റെ കൈവശത്തില്‍ രേഖാമൂലമുള്ള കൃഷിഭൂമി വനവല്‍ക്കരണത്തിന് വിട്ടുകൊടുക്കാന്‍ മലയോരജനത ഒരിക്കലും തയ്യാറല്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ദേശീയ സെക്രട്ടറി ജനറല്‍
+91 70126 41488

Author