ഭിന്നശേഷിക്കാരുടെ സംരംഭകത്വ താത്പര്യം വികസിപ്പിക്കാന്‍ പ്രത്യേക പരിശീലനം നല്‍കും

ഭിന്നശേഷിക്കാരുടെ സവിശേഷ വാസനകള്‍ വികസിപ്പിക്കാനുള്ള സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും(കെ-ഡിസ്‌ക്) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങും(നിഷ്) ചേര്‍ന്നു നടപ്പാക്കുന്ന ഇന്നവേഷന്‍ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്(ഐ-വൈ.ഡബ്ല്യു.ഡി) പദ്ധതിയുമായി സഹകരിക്കുന്നതിനു കേരള സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.തൊഴില്‍, സംരംഭക മേഖലകളിലെ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മികച്ച സാധ്യത നല്‍കുന്നതാണു (ഐ-വൈ.ഡബ്യൂ.ഡി) പദ്ധതിയെന്നു മന്ത്രി പറഞ്ഞു. ഭിന്നശേഷിയും സാങ്കേതിക വൈദഗ്ധ്യവും സമന്വയിപ്പിച്ചു നടപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നവവൈജ്ഞാനിക സൃഷ്ടിയെന്ന ആശയത്തിലേക്കു വഴിതുറക്കുന്നതാണ്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഭിന്നശേഷി പുനരധിവാസ മേഖലയില്‍ വലിയ സംഭാവനചെയ്യാന്‍ കഴിയും. ചെന്നൈ ഐ.ഐ.ടി. മാതൃകയില്‍ അസിസ്റ്റീവ് ടെക്‌നോളജി വികസിപ്പിച്ച് എല്ലാ ക്യാംപസുകളേയും ബാരിയര്‍ ഫ്രീ ക്യാംപസുകളാക്കുന്നതിനു സര്‍ക്കാര്‍ നടപടിയെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളേയും ഭിന്നശേഷി സൗഹാര്‍ദമാക്കുകയെന്ന വലിയ ലക്ഷ്യം സാധ്യമാക്കുന്നതിന് ഇത്തരം പദ്ധതികള്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരായ യുവതീ യുവാക്കള്‍ക്കു നവീനവും നൂതനവുമായ ആശയങ്ങളിലും സംരംഭകത്വത്തിലും നേരിട്ടു പരിശീലനം നല്‍കുന്ന പദ്ധതിയാണ് ഇന്നവേഷന്‍ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്(ഐ-വൈ.ഡബ്ല്യു.ഡി). പദ്ധതിയുമായി ധാരണാപത്രം ഒപ്പുവച്ചതോടെ, കേരള സാങ്കേതിക സര്‍വകലാശാലയ്ക്കു(കെ.ടി.യു) കീഴിലുള്ള കോളജുകളില്‍നിന്നുള്ള വിദഗ്ധ ഉപദേഷ്ടാക്കള്‍, അധ്യാപകര്‍ തുടങ്ങിയവരുടെ സേവനവും സാങ്കേതിക സഹായവും പദ്ധതിക്കു ലഭിക്കും. ധാരണാപത്രം ഒപ്പുവച്ച കോളജുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളും പരിശീലനവും ഐ-വൈ.ഡബ്ല്യു.ഡി നല്‍കും. കെ.ടി.യുവിനു കീഴിലുള്ള 15 കോളജുകളുമായാണ് ഐ-വൈ.ഡബ്ല്യു.ഡി ധാരണാപത്രം ഒപ്പുവച്ചത്.
നിഷിലെ മാരി ഗോള്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിഷ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം. അഞ്ജന അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഡയറക്ടര്‍ ഡെയ്‌സി സെബാസ്റ്റ്യന്‍, കെ.ടി.യു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ബി. ജമുന, അഡ്വ. ഐ. സാജു, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അവനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു

Leave Comment