ഡബ്ല്യൂ.എം.സി കലാസന്ധ്യക്ക് വിജയകരമായ പരിസമാപ്തി; ഗ്ലോബല്‍,ദേശീയ നേതാക്കള്‍ പങ്കെടുത്തു

Spread the love

ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ കലാസന്ധ്യ -2022 ഹൃദ്യവും മനോഹരവുമായ വിവിധ സംഗീത-കലാപരിപാടികളോടെ സമാപിച്ചു. ചിക്കാഗോയിലെ ചെണ്ടമേള ടീമുകളുടെ ചാമ്പ്യന്മാരായ ചിക്കാഗോ ചെണ്ട ക്ലബ്ബിന്റെ കര്‍ണ്ണമനോഹരമായ മേളത്തോടുകൂടി ആരംഭിച്ച വര്‍ണ്ണാഭമായ കലാപരിപാടികളുടെ മുഖ്യ എം.സി സിമി ജെസ്റ്റോ ജോസഫിനെ വൈസ് ചെയര്‍പേഴ്‌സണ്‍ ബീന ജോര്‍ജ്ജ് സ്വാഗതം ചെയ്തു.

അലോന ജോര്‍ജ്ജിന്റെ പ്രാര്‍ഥനാഗാനാലാപനത്തിന് ശേഷം പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിനെത്തിയ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതാക്കളെ അമേരിക്ക റീജിയന്‍ വൈസ് പ്രെസിഡന്റ് മാത്യൂസ് എബ്രഹാം പരിചയപ്പെടുത്തി. തുടര്‍ന്ന് പ്രൊവിന്‍സ് പ്രസിഡന്റ് ബഞ്ചമിന്‍ തോമസ് നടത്തിയ സ്വാഗതപ്രസംഗത്തില്‍ കലാസന്ധ്യയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു.

ഡബ്യു എം സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി സി മാത്യു നിലവിളക്ക് കൊളുത്തി കലാസന്ധ്യ ഉത്ഘാടനം ചെയ്തു. ഡബ്യു എം സി ചിക്കാഗോ പ്രോവിന്‍സിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കെ ഇത്തരം പരിശ്രമങ്ങള്‍ ആഗോളതലത്തില്‍ മാനുഷിക പ്ര്ശനങ്ങളോടുള്ള സംഘടനയുടെ സാമൂഹികപ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് മാത്യു അഭിപ്രായപ്പട്ടു.

അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജോണ്‍സന്‍ തലച്ചെല്ലൂര്‍, ജനറല്‍ സെക്രെട്ടറി എല്‍ദോ പീറ്റര്‍, വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം, ട്രെഷറര്‍ അനീഷ് ജെയിംസ് എന്നിവരും സന്നിഹിതരായിരുന്നു.കലാസന്ധ്യ ലക്ഷ്യം വയ്ക്കുന്ന ഉദ്യമങ്ങള്‍ സംഘടനയുടെ എല്ലാ പ്രൊവിന്‍സുകള്‍ക്കും മാതൃകയാണെന്ന് തുടര്‍ന്ന് സംസാരിച്ച അമേരിക്കന്‍ റീജിയന്‍ നേതാക്കള്‍ പറഞ്ഞു.

റവ ഡോ പോള്‍ പൂവത്തിങ്കല്‍ നയിച്ച സ്ട്രിങ്‌സ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും കലാഭവന്‍ ജയന്‍ നയിച്ച കൊമേഡി ഷോയും സദസ്യരുടെ വലിയ പ്രോത്സാഹനങ്ങള്‍ ഏറ്റുവാങ്ങി മുന്നേറി കലാസന്ധ്യയെ അവിസ്മരണീയമാക്കി. ചെയര്‍മാന്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ കലാകാരന്മാരെ സദസ്സിന് പരിചയപ്പെടുത്തി.

പരിപാടിയുടെ മുഖ്യസ്‌പോണ്‍സര്‍മാരായ പ്രമുഖ റിയല്‍റ്റര്‍ മോഹന്‍ സെബാസ്റ്റ്യന്‍, ഈപ്പന്‍ ക്ലിനിക്, ഡോ ജോ എം ജോര്‍ജ്ജ്, ജോ കൈതക്കാത്തോട്ടിയില്‍ എന്നിവരെയും മറ്റു സ്‌പോണ്‌സര്‍മാരെയും പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍, ട്രഷറര്‍ കോശി ജോര്‍ജ്ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ സാബി കോലേത് എന്നിവര്‍ പരിചയപ്പെടുത്തി. നേതാക്കള്‍ സ്‌പോണ്‌സര്‍മാര്‍ക്ക് ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

കലാസന്ധ്യയിലെ സവിശേഷ ഇനമായി കലാഭവന്‍ ജയന്‍ നയിച്ച കോമഡിഷോ, ചാക്യാര്‍കൂത്തു,നാടന്‍ പാട്ടുകള്‍ എന്നിവ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി. ചാരിറ്റി ഫോറം ചെയര്‍മാന്‍ തോമസ് വര്‍ഗീസ് അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തി.

സംഗീതസായാഹ്നത്തില്‍ ഗാനങ്ങള്‍ ആലപിച്ച പ്രശസ്ത ഗായകര്‍ക്കും ശ്രദ്ധേയമായ പരിപാടികള്‍ കാഴ്ചവെച്ച മറ്റെല്ലാ കലാകാരന്മാര്‍ക്കും കലാസന്ധ്യയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച ചിക്കാഗോ പ്രൊവിന്‍സിലെ എല്ലാ ഭാരവാഹികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് പ്രൊവിന്‍സ് സെക്രെട്ടറി തോമസ് ഡിക്രൂസ് സമാപന പ്രസംഗം നടത്തി.

പരിപാടിയുടെ വിജയത്തിന് സഹകരിച്ച എല്ലാ ദൃശ്യ-ശ്രാവ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും, ലൈവ്‌സ്ട്രീം ചെയ്ത സ്റ്റെല്ലാര്‍ കമ്മ്യൂണിക്കേഷന്‍സിനും നന്ദി പറഞ്ഞു. സമ്മേളനാനന്തരം മോനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഫോട്ടോ സെഷനും സംഘടിപ്പിച്ചു. കലാസന്ധ്യയില്‍ ചിക്കാഗോയില്‍ നിന്നുള്ള പൗരപ്രമുഖരും നിരവധി സാമൂഹിക മതനേതാക്കളും പങ്കെടുത്തു.

തോമസ് ഡിക്രൂസ്

 

Author