വിഗാര്‍ഡ് വരുമാനത്തില്‍ 80 ശതമാനം വര്‍ധന

Spread the love

കൊച്ചി: മുൻനിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1018.29 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേകാലയളവിലെ 565.18 കോടി രൂപയില്‍ നിന്നും 80 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 2022 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 53.37 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷത്തെ 25.54 കോടി രൂപയില്‍ നിന്നും 109 ശതമാനമാണ് വര്‍ധന. എല്ലാ വിഭാഗങ്ങളിലും കരുത്തുറ്റ വളര്‍ച്ച രേഖപ്പെടുത്തി.

ആദ്യ പാദത്തില്‍ ബിസിനസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എല്ലാ വിഭാഗങ്ങളിലും കരുത്തുറ്റ വളര്‍ച്ചയുണ്ടെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ജൂണില്‍ കോപ്പർ വിലയിലുണ്ടായ ഗണ്യമായ ഇടിവ് വയറുകളുടെ മാര്‍ജിനുകളെ ബാധിച്ചു. ഇതിന്റെ ആഘാതം രണ്ടാം പാദത്തിലേക്കും വ്യാപിച്ചേക്കാം. മറ്റു പ്രധാന ചരക്കുകളുടെ ചെലവുകള്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെങ്കിലും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ഒഴിവാക്കാന്‍ ഇതു സഹായിച്ചു. അടുത്ത ഒന്നോ രണ്ടോ പാദങ്ങള്‍ക്കുള്ളില്‍ മൊത്ത മാര്‍ജിന്‍ സാധാരണ നില വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Report :  Anna Priyanka Roby (Assistant Account Manager)

Author