സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി’ സംസ്ഥാനതല ഉദ്ഘാടനം 29ന്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത ശാക്തീകരണ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ‘അഷ്ടാദശി പദ്ധതി’യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്ന ‘സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. ഗോപാലകൃഷ്ണൻ എം. ബി., സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ., റോജി. എം. ജോൺ എം. എൽ. എ., ഫിനാൻസ് ഓഫീസർ സുനിൽകുമാർ എസ്., ഹണി ജി. അലക്സ്, ഡോ. ഭവാനി വി. കെ. എന്നിവർ പ്രസംഗിക്കും.

1996 മുതൽ സംസ്കൃത പഠനത്തിനും വ്യാപനത്തിനുമായി സംസ്ഥാനത്തെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയാണ്. കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോട സർവ്വകലാശാല സംസ്കൃത പ്രചാരണത്തിനായി ആരംഭിച്ച വിവിധ പദ്ധതികളിൽ ഒന്നാണ് ‘മാതൃകാവിദ്യാലയ പദ്ധതി’. കേരളത്തിലെ സംസ്കൃതം അറിയാത്ത വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും സൗജന്യമായി സംസ്കൃതം പഠിപ്പിക്കുന്ന പദ്ധതിയാണിത്. സംസ്കൃതം പഠിക്കുവാനാഗ്രഹിക്കുന്ന എല്ലാവർക്കും സംസ്കൃതം പഠിക്കുന്നതിന് ഏറ്റവും സമീപത്തുളള മാതൃകാവിദ്യാലയങ്ങളിൽ പഠിക്കുന്നതിനുളള സാഹചര്യം ഒരുക്കുവാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേരളത്തിന്റെ പുരാതന സംസ്കൃത പാരമ്പര്യവും സംസ്കാരവും നിലനിർത്തുവാനും സംസ്കൃതത്തെ കൂടുതൽ അറിയുവാനും സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അറിയിച്ചു.

2) ‘ സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി’ക്ക് സംസ്കൃത സർവ്വകലാശാലയ്ക്ക്

30 ലക്ഷം രൂപയുടെ കേന്ദ്ര സഹായം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംസ്ഥാനത്ത് നടപ്പിലാക്കുന്ന സംസ്കൃത പ്രചാരണ പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച ‘മാതൃകാവിദ്യാലയ പദ്ധതി’ക്ക് കേന്ദ്ര സംസ്കൃത സർവ്വകലാശാല 30 ലക്ഷം രൂപ അനുവദിച്ചതായി വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അറിയിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്നതാണ് ‘സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി’. കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ ഭാഗമായാണ് സംസ്കൃത ‘മാതൃകാവിദ്യാലയ പദ്ധതി’ക്ക് അനുമതി നൽകിയിരിക്കുന്നത്. സംസ്കൃത പ്രചാരണ വിഭാഗം നോഡൽ ഓഫീസർ ഡോ. അജിത്കുമാർ കെ. വി. യും സംസ്കൃത പ്രചാരണ വിഭാഗം എറണാകുളം ജില്ലാ കോർഡിനേറ്റർ ഡോ. വി. കെ. ഭവാനിയും ചേർന്നാണ് സംസ്കൃത ‘മാതൃകാവിദ്യാലയ പദ്ധതി’ കേന്ദ്ര സംസ്കൃത സർവ്വകലാശാലയ്ക്ക് സമർപ്പിച്ചത്. കേരളത്തിലെ സംസ്കൃതം അറിയാത്ത വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി സംസ്കൃതം പഠിപ്പിക്കുന്ന പദ്ധതിയാണ് ‘മാതൃകാവിദ്യാലയ പദ്ധതി’. സംസ്കൃതം പഠിക്കുവാനാഗ്രഹിക്കുന്ന എല്ലാവർക്കും സംസ്കൃതം പഠിക്കുന്നതിന് ഏറ്റവും സമീപത്തുളള മാതൃകാവിദ്യാലയങ്ങളിൽ പഠിക്കുന്നതിനുളള സാഹചര്യം ഒരുക്കുവാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേരളത്തിന്റെ പുരാതന സംസ്കൃത പാരമ്പര്യവും സംസ്കാരവു നിലനിർത്തുവാനും സംസ്കൃതത്തെ കൂടുതൽ അറിയുവാനും സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

3) സംസ്കൃത സർവ്വകലാശാല ‘അത്മോപദേശക ശതകം’ പുന:പ്രസിദ്ധീകരിക്കുന്നു;

25 ലക്ഷം രൂപയുടെ കേന്ദ്ര സഹായം

നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ പ്രസിദ്ധമായ പുസ്തകം ‘അത്മോപദേശക ശതകം’ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പുന:പ്രസിദ്ധീകരിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അറിയിച്ചു. ഇതിനായി കേന്ദ്ര സംസ്കൃത സർവ്വകലാശാല 25 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ ഭാഗമായി സർവ്വകലാശാലയുടെ സംസ്കൃത പ്രചാരണ വിഭാഗം സമർപ്പിച്ച പദ്ധതി പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്കൃത പ്രചാരണ പദ്ധതിയുടെ ഇടുക്കി ജില്ല കോ-ഓർ‍ഡിനേറ്ററും സംസ്കൃതം വേദാന്ത വിഭാഗം പ്രൊഫസറുമായ ഡോ. കെ. ഷീബയാണ് പ്രസ്തുത പദ്ധതി സമർപ്പിച്ചത്.

4) ബുധസംഗമത്തിൽ ‘തേരിഗാഥ’യുമായി ഡോ. മുത്തുലക്ഷ്മി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസിന്റെയും കാലടി എസ്. എൻ. ഡി. പി. പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘ബുധസംഗമ’ പ്രഭാഷണ പരമ്പരയിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ‘ തേരിഗാഥ:പാലിയിൽ നിന്നും മലയാളത്തിലേയ്ക്ക് ‘ എന്നതാണ് പ്രഭാഷണ വിഷയം. സെന്റർ കോ-ഓർഡിനേറ്റർ ഡോ. അജയ് എസ്. ശേഖർ അധ്യക്ഷനായിരിക്കും.

5) മഴ സെമിനാറും പ്രബന്ധ രചന മത്സരവും

വയലി മഴോത്സവത്തിന്റെ ഭാഗമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ ഇൻടാഞ്ചിബിൾ ഹെറിട്ടേജ് സ്റ്റഡീസും കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ നിള ക്യാമ്പസും സംയുക്തമായി മഴ സെമിനാറും മഴയെ ആസ്പദമാക്കി സർവ്വകലാശാല/കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ രചന മത്സരവും സംഘടിപ്പിക്കുന്നു. മഴ സെമിനാർ ഓഗസ്റ്റ് ആറിന് കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചെറുതുരുത്തിയിലുളള നിള ക്യാമ്പസിൽ നടക്കും. ‘കേരള സംസ്കാര നിർമ്മിതിയിൽ കാലവർഷത്തിന്റെ പ്രസക്തി’ എന്നതാണ് സെമിനാറിന്റെയും പ്രബന്ധ രചന മത്സരത്തിന്റെയും വിഷയം. രാവിലെ 9.30 മുതൽ 5.30 വരെ സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും. രജിസ്റ്റർ ചെയ്യുന്നതിനായി പേര്, പഠിക്കുന്ന സർവ്വകലാശാല/കോളേജ്, വിഷയം എന്നിവ ചേർത്ത് തയ്യാറാക്കിയ ബയോഡാറ്റ [email protected]ൽ അയയ്ക്കണം. അവസാന തീയതി: ആഗസ്റ്റ് മൂന്ന്. മഴയെ ആശ്രയിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തിയ മലയാളിയുടെ ജീവിതത്തിന്റെ ഉളളറകളിലേക്ക് വെളിച്ചം വീശുന്ന മഴയുടെ സാമൂഹിക-സാംസ്കാരിക-ചരിത്ര വർത്തമാനങ്ങൾ, നാട്ടറിവുകൾ, ഞാറ്റുവേല വിശേഷങ്ങൾ, ആഘോഷങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ സെമിനാറിന്റെ ഭാഗമായി ചർച്ച ചെയ്യുമെന്ന് സെമിനാർ കോ-ഓർഡിനേറ്റർ ഡോ. ടി. ജി. ജ്യോതിലാൽ അറിയിച്ചു.

പ്രബന്ധ രചന മത്സരത്തിൽ സർവ്വകലാശാല/കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മലയാളത്തിൽ തയ്യാറാക്കിയ അമൂർത്തമായ പ്രബന്ധങ്ങൾ 200 വാചകങ്ങൾക്ക് ഉളളിലായിരിക്കണം. അമൂർത്തമായ പ്രബന്ധങ്ങൾ അയയ്ക്കേണ്ട അവസാന തീയതി ആഗസ്റ്റ് അഞ്ച്. തിരഞ്ഞെടുക്കുന്ന അമൂർത്തമായ പ്രബന്ധങ്ങൾ ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും. പൂർണ്ണമായ പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസം [email protected] കൂടുതൽ വിവരങ്ങൾക്ക് ഡോ. ടി. ജി. ജ്യോതിലാൽ, ഫോൺ:9447476372.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Leave Comment