ട്രൈബല്‍ മൊബൈല്‍ യൂണിറ്റുകള്‍ ഈ വര്‍ഷം നടപ്പിലാക്കും

ആരോഗ്യ പ്രവര്‍ത്തകര്‍ ആദിവാസി ഊരുകളിലെത്തും
ആദിവാസി മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം നേരിട്ടെത്തിക്കുന്ന ട്രൈബല്‍ മൊബൈല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം പോത്തുകല്ല്, ചാലിയാര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് ആരോഗ്യവും വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മിഷന്റെ ഭാഗമായി പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ ഞെട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയത്തില്‍ തകര്‍ന്ന മുണ്ടേരി ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തികളും ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായി പങ്കെടുത്തു.
പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളും എടക്കര ഗ്രാമ പഞ്ചായത്തിലെ നാല് വാര്‍ഡുകളും ഉള്‍പ്പെടെ 31000 ത്തോളം ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം 26 കോളനികളില്‍ നിന്നുള്ള 2308 ഗോത്രവര്‍ഗ സമൂഹത്തിന്റെ ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്നതാണ് ഞെട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രം. 21 ലക്ഷത്തോളം ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, ബ്ലോക്ക് – ജില്ലാ – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍ അനൂപ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ലാല്‍ പരമേശ്വര്‍, പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.

Leave Comment