സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഹര്‍ ഘര്‍ തിരംഗ്'(എല്ലാ വീടുകളിലും ത്രിവര്‍ണ പതാക) ക്യാമ്പയിനുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ കുടുംബശ്രീ നിലവില്‍ നിര്‍മ്മിക്കുന്നത് രണ്ട് ലക്ഷം ത്രിവര്‍ണ പതാകകള്‍. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ പതാകള്‍ നിര്‍മിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍. 3:2 എന്ന അനുപാതത്തില്‍ പോളിസ്റ്റര്‍ മിക്‌സിലും കോട്ടണിലുമായി 28 മുതല്‍ 120 രൂപ വരെയുള്ള പതാകകളാണ് നിര്‍മിക്കുന്നത്.
ദേശീയ പതാകയോട് ആദരവ്, വൈകാരികബന്ധം വളര്‍ത്തുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാറിന്റെ ‘ഹര്‍ ഘര്‍ തിരംഗ്’ ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകള്‍, സര്‍ക്കാര്‍ – പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ജില്ലയിലെ കുടുംബശ്രീയുടെ ഓരോ സി.ഡി.എസിലും ഒരു യൂണിറ്റ് എന്ന രീതിയില്‍ 110 ഓളം യൂണിറ്റുകളിലായി 240 ഓളം പേരാണ് പതാക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് പതാക വിതരണം നടത്തുക. ആഗസ്റ്റ് എട്ടിനകം പതാക നിര്‍മാണം പൂര്‍ത്തീകരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.

Leave Comment