ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന് ദേശീയ അംഗീകാരം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന് ദേശീയ അംഗീകാരം. ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റഡി ഓഫ് ലിവര്‍ (INASL 2022) ആഗസ്റ്റ് 4 മുതല്‍ 7 വരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ യങ് ഇന്‍വെസ്റ്റിഗേറ്റര്‍ (ക്ലിനിക്കല്‍) അവതരണത്തില്‍ അഞ്ചില്‍ മൂന്ന് പ്രബന്ധങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ടീം നേടി. മികച്ച നേട്ടം കൈവരിച്ച മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

May be an image of 10 people

ഇന്ത്യയിലെ പ്രധാനപ്പെട്ട മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റ് ആശുപത്രികളില്‍ നിന്നും അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ചില്‍ മൂന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമായിരുന്നു. ഡോ. വിജയ് നാരായണന്‍ ഒന്നാം സ്ഥാനം നേടി. ഡോ. റുഷില്‍ സോളങ്കി, ഡോ. ആന്റണി ജോര്‍ജ് എന്നിവരാണ് അവാര്‍ഡ് സെക്ഷനിലേക്കു പരിഗണിക്കപ്പെട്ട മറ്റ് രണ്ടുപേര്‍. മെഡിക്കല്‍ കോളേജ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് ഈ പഠനങ്ങള്‍ നടന്നത്. ആദ്യമായാണ് സംസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളേജ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.

 

Author