പ്രധാനമന്ത്രി അനുസ്യൂചിത് ജാതി അഭ്യുദയ് യോജനയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങളുടെ വരുമാന ദായക പദ്ധതികള്‍ക്ക് ജില്ലാതല പട്ടികജാതി-പട്ടിക വര്‍ഗ വികസന സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഫിഷറീസ് വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.അംഗീകാരം ലഭിച്ച പദ്ധതികള്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കുടുംബങ്ങള്‍ക്ക് വരുമാനവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ടു കൊണ്ടുള്ള പശുവളര്‍ത്തല്‍ പദ്ധതി, ഗോദാനം പദ്ധതി, മത്സ്യ കൃഷി മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കായി കൂടുതല്‍ വ്യക്തികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ചെറുകിട മത്സ്യ കൃഷി യൂണിറ്റുകള്‍ സ്ഥാപിച്ച് മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനായി വിഭാനം ചെയ്തിട്ടുള്ള ഇന്റന്‍സീവ് ഫാമിംഗ് ഓഫ് ഫ്രഷ് വാട്ടര്‍ ഫിഷസ് പദ്ധതി.
ജില്ലയിലെ വിവിധ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ താമസിച്ചു വരുന്ന പട്ടിക വര്‍ഗ കുടുബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പി എസ് സി ഓണ്‍ലൈന്‍ വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്യുന്നതിനും സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്നതിനും അപേക്ഷകള്‍ തയ്യാറാക്കി നല്‍കുന്നതിനും സേവനങ്ങള്‍ യഥാസമയം അര്‍ഹരായ പട്ടിക വര്‍ഗക്കാര്‍ക്ക് ലഭ്യമാക്കുന്നതിനും സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കല്‍. എസ് എസ് എല്‍ സി മുതല്‍ പി ജി വരെ പഠിച്ച തൊഴില്‍ രഹിതരായ പട്ടിക വര്‍ഗ യുവതി, യുവാക്കള്‍ക്കുള്ള പി.എസ്.സി പരിശീലനം, പട്ടിക വര്‍ഗ വിഭാഗത്തിലെ യുവതി, യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ലൈസന്‍സും, ബാഡ്ജും എടുത്തു കൊടുക്കുന്ന പദ്ധതി, ജില്ലയിലെ ഡിഗ്രിയോ അതിനു മുകളിലോ യോഗ്യതയുള്ള തൊഴില്‍ രഹിതരായ പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് സ്ഥിരം തൊഴില്‍ ലഭിക്കുന്നത് ലക്ഷ്യമിട്ട് ലീഡ് ബാങ്കുമായി ചേര്‍ന്ന് ബാങ്ക് കോച്ചിംഗ് സംഘടിപ്പിക്കല്‍, കുറുമ്പന്‍ മുഴി പട്ടികവര്‍ഗ സങ്കേതത്തിലെ രുദ്ര കലാനിലയം വാദ്യമേള ഗ്രൂപ്പിന് വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കല്‍, അഞ്ച് പട്ടികവര്‍ഗ കോളനികളില്‍ റബ്ബര്‍ ഷെഡ് നിര്‍മിച്ച് റബര്‍ റോളര്‍ മെഷീന്‍ സ്ഥാപിച്ച് കൊടുക്കല്‍, പട്ടിക വര്‍ഗ വിഭാഗത്തിലെ യുവതി യുവാക്കള്‍ക്ക് ഡ്രൈവിംഗ് പരിശീലനം, നൊമാഡിക് മലമ്പണ്ടാര വിഭാഗത്തിലുള്ളവര്‍ക്ക് ഭക്ഷ്യസഹായ പദ്ധതി, വസ്ത്രവിതരണം തുടങ്ങി വിവിധ പദ്ധതികള്‍ക്കാണ് ജില്ലാ തല പട്ടികജാതി പട്ടിക വര്‍ഗ വികസന സമിതി യോഗത്തില്‍ അംഗീകാരമായത്. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി കോര്‍പ്പസ് ഫണ്ടില്‍നിന്ന് 45,26,000 രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചത്.

Leave Comment