പ്രായവും ജീവിത സാഹചര്യങ്ങളും പഠനത്തിന് വെല്ലുവിളിയാണോ. അല്ലെന്ന് പറയും ബേഡകത്തെ സരോജിനിക്കുട്ടിയും സഹപാഠികളും. പല കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന 20വനിതകളാണ് എല്ലാ പ്രതിബദ്ധങ്ങളും തരണം ചെയ്ത് പത്താംതരം പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നത്. തുടര്‍പഠനത്തിന് വഴിയൊരുക്കിയത് ബേഡഡുക്കയിലെ കുടുംബശ്രീ സി.ഡി.എസും.
53വയസുള്ള സരോജിനിയാണ് പഠിതാക്കളില്‍ മുതിര്‍ന്നയാള്‍. സാമ്പത്തിക ബുദ്ധിമുട്ടും ദൂരക്കൂടുതലും കാരണം പത്താംതരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ആഗ്രഹങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സരോജിനി തയ്യാറായില്ല. പഠിക്കണമെന്ന അതിയായ ആഗ്രഹത്തിന് വെളിച്ചം വീശി സമ പദ്ധതിയുമായി കുടുംബശ്രീ സിഡിഎസ് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താംതരം തുല്യതാ പരീക്ഷ എഴുതി വിജയിക്കാന്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണ് ‘സമ’.
സരോജിനിയെ പോലെ പലകാരണങ്ങളാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 25നും 53നും ഇടയില്‍ പ്രായമുള്ള 20 കുടുംബശ്രീ അംഗങ്ങളാണ് ബേഡഡുക്ക സി.ഡി.എസിന്റെ കീഴില്‍ പരീക്ഷയ്ക്ക് തയ്യാറാകുന്നത്. 2020 ജനുവരി മുതലാണ് ക്ലാസുകള്‍ ആരംഭിച്ചത്. കുണ്ടംകുഴി സ്‌കൂളാണ് പഠനകേന്ദ്രം. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചകളിലും മറ്റ് ഒഴിവു ദിവസങ്ങളിലുമാണ് ഇവര്‍ക്കുള്ള ക്ലാസ്സുകള്‍. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ഒമ്പത് വിഷയങ്ങളിലായി ഒമ്പത് അധ്യാപകരാണ് ക്ലാസെടുക്കുന്നത്. പഠനം പൂര്‍ത്തിയാക്കാനുള്ള ഫണ്ട് പഞ്ചായത്ത് ലഭ്യമാക്കും.
പത്താം ക്ലാസ്സ് തുല്യതയ്ക്ക് ഒരാള്‍ക്ക് കോഴ്സ് ഫീസ് ഇനത്തില്‍ 1750രൂപയും പരീക്ഷാ ഫീസായി 500രൂപയും ഉള്‍പ്പെടെ ആകെ 2250രൂപയാണ് വേണ്ടത്. ഫണ്ട് ലഭ്യമാക്കിയ തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക പഠന ക്ലാസ്സുകള്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നല്‍കുന്നു. ജില്ലയില്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് മാത്രമാണ് സമ പദ്ധതി നടപ്പിലാക്കുന്നത്. മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമന രവീന്ദ്രനും, സിഡിഎസ് അക്കൗണ്ടന്റ് രമ്യയുമാണ് ഇതിന് മുന്‍കൈയെടുത്തത്. പഞ്ചായത്തും പൂര്‍ണ പിന്തുണ നല്‍കി.
സെപ്തംബര്‍ 12 മുതല്‍ 23 വരെയാണ് പരീക്ഷകള്‍. സമ കോര്‍ഡിനേറ്റര്‍ പി.പ്രിയയാണ് ക്ലാസ്സുകള്‍ ഏകോപിപ്പിക്കുന്നതിന് ചുമതല വഹിക്കുന്നത്. പഞ്ചായത്ത് സാക്ഷരതാ മിഷന്‍ പ്രേരക് കെ.പി.കൃഷ്ണവേണിയും പദ്ധതിക്ക് നേതൃത്വം നല്‍കുന്നു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എം.ഗുലാബിയും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നേതൃനിരയിലുണ്ട്.

Leave Comment