തുളു നാടിന്റെ ചരിത്രം രേഖപ്പെടുത്തുന്നു
തുളു അക്കാദമിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും തുളു ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രചാരണത്തിന് ഊന്നല്‍ കൊടുക്കാനുള്ള പദ്ധതികളുമായി കേരള തുളു അക്കാദമി. ഭാഷാ ന്യൂനപക്ഷമായ തുളു ജനതയുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലേക്കെത്തിക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലച്ച അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി സജീവമാക്കാനാണ് തീരുമാനമെന്ന് തുളു അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ കെ.ആര്‍ ജയാനന്ദ പറഞ്ഞു.
തുളു നാടിന്റെ ചരിത്രം ഔദ്യോഗികമായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കന്നഡ മേഖലയുമായി ബന്ധപ്പെട്ട ചരിത്രം ഉണ്ടെങ്കിലും ബേക്കല്‍ വരെയുള്ള പഴയ തുളുനാടന്‍ മേഖലയെ കുറിച്ചുള്ള രേഖകള്‍ ഇല്ല. ഈ ചരിത്രങ്ങളെല്ലാം രേഖപ്പെടുത്തുന്ന പ്രത്യേക പതിപ്പ് അക്കാദമി പുറത്തിറക്കും.
അക്കാദമി ആരംഭകാലത്ത് സംഘടിപ്പിച്ചിരുന്ന പരിപാടികള്‍ കൂടുതല്‍ മികവോടെ വീണ്ടും സംഘടിപ്പിക്കും. തുളു ‘ദേശീയോത്സവ’ ത്തിനാണ് ഇതിൽ പ്രാധാന്യം. ദേശീയ തലത്തില്‍ തുളു ഭാഷയും സംസ്‌കാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഇതില്‍ പങ്കാളികളാക്കും. സാംസ്‌കാരിക പരിപാടികളും തുളു ഭാഷയെയും സംസ്‌കാരത്തെയും ആധികാരികമായി അടുത്തറിയുന്ന വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാറുകളും സംഘടിപ്പിക്കും. തുളു സംസ്‌കാരത്തിന് പ്രാധാന്യമുള്ള മാസങ്ങളില്‍, പ്രത്യേകിച്ച് മലയാള മാസം കര്‍ക്കിടകത്തില്‍ തുളു ജനതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഗ്രാമീണ ഉത്സവങ്ങള്‍ സംഘടിപ്പിക്കും.
യക്ഷഗാനമാണ് തുളുനാടിന്റെ പ്രധാന കലാരൂപം. യക്ഷഗാനത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടലുകളുണ്ടാവും. തുളു നാടന്‍കലകളുമായി ബന്ധപ്പെട്ടുള്ള വ്യക്തികളുടെ ജീവിതവും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം പ്രസിദ്ധീകരിക്കും. തുളു ഭാഷാ പ്രചാരണത്തിനായി അക്കാദമി ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. അക്കാദമി ത്രൈമാസികയായി പ്രസീദ്ധീരിക്കുന്ന തെംബരെയുടെ ഉള്ളടക്കത്തിലടക്കം മാറ്റം വരുത്തി കൂടുതല്‍ പേരിലെത്തിക്കും.
തുളു അക്കാദമി ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. തുളു ഭാഷയും സംസ്‌കാരവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവര്‍ക്കുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും പഴയ കാലഘട്ടത്തിലുണ്ടായിരുന്ന ഗ്രന്ഥങ്ങളും രേഖകളും ഉള്‍പ്പെടുത്തി ലൈബ്രറി സംവിധാനം വിപുലമാക്കുമെന്നും തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ ജയാനന്ദ പറഞ്ഞു.
2006 ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലത്താണ് തുളു അക്കാദമി എന്ന ആശയം ഉയര്‍ന്നത്. എം.എ ബേബിയായിരുന്നു സാംസ്‌കാരിക വകുപ്പു മന്ത്രി. അന്ന് ബദിയടുക്കയില്‍ തുളു ജനതയെ ഉള്‍പ്പെടുത്തി തുളു ഉത്സവം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുളു സംസ്‌കാരവും ഭാഷയും സംരക്ഷിക്കാനായി തുളു അക്കാദമിയെ കുറിച്ച് ആലോചിച്ചത്. 2008 സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുളു ഭാഷാ പണ്ഡിതനായ വെങ്കിടരാജ പുണിഞ്ചിത്തായായിരുന്നു ആദ്യ ചെയര്‍മാന്‍

Leave Comment