സ്‌കൂളുകളിലും അനുബന്ധ സ്ഥാപനങ്ങളിലും സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചുള്ള ജില്ലാ പഞ്ചായത്തിന്റെ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതല അംഗീകാരം. ഊര്‍ജ മേഖലയിലെ മാതൃകാ പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ ഊര്‍ജ അവാര്‍ഡാണ് കാസര്‍കോട് ജില്ലാ പഞ്ചായത്തിന് ലഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന വിഭാഗത്തില്‍ 2021ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. പഞ്ചായത്തിരാജ് നിയമത്തിലെ പട്ടിക അഞ്ച് പ്രകാരമുള്ള ഊര്‍ജ ഉത്പാദനമെന്ന ഉത്തരവാദിത്തം സാക്ഷാത്കരിക്കുന്നതിനാണ് അംഗീകാരം.ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 54സ്‌കൂളുകളിലും അനുബന്ധ സ്ഥാപനങ്ങളിലും സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചാണ് ജില്ലാ പഞ്ചായത്ത് ഊര്‍ജ സംരക്ഷണ മാതൃക തീര്‍ക്കുന്നത്. 2015ല്‍ തുടങ്ങിയ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 29 സ്‌കൂളുകളിലും ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കൂടി സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.2015ല്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ കെല്‍ട്രോണ്‍ മുഖേന 15 കെ.ഡബ്ല്യൂ.പി (കിലോ വാട്ട് പീക്ക്) സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് കൊണ്ടാണ് ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ വിജയം ജില്ലാ പഞ്ചായത്തിന്റെ മറ്റ് ഘടകസ്ഥാപനങ്ങളിലും ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ പ്രചോദനമായി.
സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച് ഊര്‍ജ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി 2018 മുതല്‍ 2021 വരെ വിവിധ ഘട്ടങ്ങളിലായി 6,59,76,792 രൂപ ചെലവഴിച്ചു. ഇതിലൂടെ 865 കെ.ഡബ്ല്യൂ.പി ശേഷിയുള്ള ഓണ്‍ ഗ്രിഡ് സോളാര്‍ പ്ലാന്റും 24 കെ.ഡബ്ല്യൂ.പി ശേഷിയുള്ള ഓഫ് ഗ്രിഡ് സോളാര്‍ പ്ലാന്റും കൂടി ആകെ 889 കെ.ഡബ്ല്യൂ.പി ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചു.
പട്ടിക വര്‍ഗ കോളനികളിലെ വൈദ്യുതി പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം എന്ന നിലയിലും വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാനും 2020-21 വര്‍ഷം ജില്ലയിലെ 12 പട്ടികവര്‍ഗ്ഗ കമ്മ്യൂണിറ്റി ഹാളുകളില്‍ ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,00,000 രൂപ വകയിരുത്തി.
പുനരുപയോഗ ഊര്‍ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മാര്‍ച്ചില്‍ പത്ത് കിലോ വാട്ട് ഓഫ് ഗ്രിഡ് സൗരോര്‍ജ നിലയം ജില്ലാ പഞ്ചായത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചു. സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ചുകൊണ്ട് പാരമ്പര്യ ഊര്‍ജ വിനിയോഗത്തിലൂടെ ജില്ല സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം.

Leave Comment