സംസ്ഥാനത്തെ 456 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കി

Spread the love

ആരോഗ്യ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇ- ഹെല്‍ത്ത് സംവിധാനം സംസ്ഥാനത്തെ 456 ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയതായി ആരോഗ്യ – വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ 60 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ഒ .പി ബുക്കിംഗ് മുതല്‍ ലാബ് റിസള്‍ട്ടുകള്‍ വരെ ഓണ്‍ലൈനായി ലഭ്യമാക്കുന്നത് രോഗികള്‍ക്ക് വലിയ ആശ്വാസമായി മാറിയെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ബ്ലോക്കുതല ആരോഗ്യമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിത ശൈലി രോഗ നിര്‍ണ്ണയത്തിനായി ആരംഭിച്ച ‘ശൈലി’ ആപ്പിന്റ ഭാഗമായി 140 പഞ്ചായത്തുകളില്‍ ആശാ വര്‍ക്കര്‍മാര്‍ മുതലുള്ള ആരോഗ്യ

പ്രവര്‍ത്തകരുടെ സേവനം വീട്ടുപടിക്കല്‍ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. രോഗം വന്നതിനു ശേഷം ചികിത്സിക്കുക എന്നതിലുപരി രോഗ പ്രതിരോധത്തിലാണ് ശ്രദ്ധ നല്‍കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പേവിഷ ബാധയേറ്റുള്ള മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍, മൃഗ സംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സയോജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും മന്ത്രി പറഞ്ഞു.
‘ഏക ആരോഗ്യം സാക്ഷാല്‍കരിക്കുക’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. ആരോഗ്യ – കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്ന വര്‍ണ്ണാഭമായ വിളംമ്പര ജാഥയോടെയാണ് മേളയ്ക്ക് തുടക്കമായത്.
അലോപ്പതി- ആയുഷ് വകുപ്പുകള്‍, ഫയര്‍ഫോഴ്‌സ്, എക്‌സ്സൈസ്, ഐ സി ഡി എസ്, കൃഷി വകുപ്പ് എന്നിവരുടെ 33 സ്റ്റാളുകളാണ് മേളയില്‍ സജ്ജീകരിച്ചത്. മേളയോടനുബന്ധിച്ച് പൊതു ജനാരോഗ്യ മേഖലയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കി വരുന്ന വിവിധ സേവനങ്ങള്‍ വിശദമാക്കുന്ന പ്രദര്‍ശനം,ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു.

കോവിഡ് വാക്‌സിനേഷന്‍,കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍, പ്രതിരോധ മരുന്ന് വിതരണം, ജീവതശൈലി രോഗനിര്‍ണയ ക്യാമ്പ്, ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്, നേത്ര പരിശോധന, ത്വക്ക് പരിശോധന, ദന്തരോഗ നിര്‍ണ്ണയം എന്നീ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കി. ആരോഗ്യ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫ്‌ളാഷ് മോബും വിവിധ കലാപരിപാടികളും നടന്നു.

Author