ന്യൂയോർക്ക്: ഫോമായുടെ ദ്വൈവാർഷിക കൺവെൻഷൻറെ തിരശീല കാൻകൂണിൽ ഉയരാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പിൻറെ മത്സരച്ചൂടും ഉയർന്നു കൊണ്ടിരിക്കുന്നു. മത്സരാർഥികളെല്ലാം താങ്ങളുടേതായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറുന്നു. “ഫാമിലി ടീം” സ്ഥാനാർഥികൾ അംഗ സംഘടനാ നേതാക്കളും പ്രതിനിധികളുമായി ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫീഡ്ബാക്ക് ആയി സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂരിനും ജോയിൻറ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോയ്ക്കും ഒരു കാര്യം വ്യക്തമായി. ഫോമായോടും ഫോമായുടെ പ്രവർത്തനങ്ങളോടും അംഗ സംഘടനാ നേതാക്കൾക്കും പ്രതിനിധികൾക്കും ഒരു പ്രത്യേക താൽപ്പര്യവും വൈകാരിക ബന്ധവും നിലവിലുണ്ട്.

“ഓരോ അംഗ സംഘടനാ പ്രതിനിധിയുമായി സംസാരിക്കുമ്പോൾ അവർക്കെല്ലാം ഫോമായുടെ പ്രവർത്തനങ്ങളോട് പ്രത്യേക മമതയും കൂടുതൽ പ്രതീക്ഷയും ഉള്ളതായി അനുഭവപ്പെട്ടു. അവർക്കെല്ലാം ഫോമായുമായി ഉള്ള ഊഷ്‌മള ബന്ധം വലുതാണ്. ആ ഊഷ്മളത നിലനിർത്തണമെന്നും മുൻപോട്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഭംഗിയായി കൊണ്ടുപോകണമെന്നും പലരും ആവശ്യപ്പെട്ടപ്പോൾ മത്സരാർത്ഥി എന്ന നിലയിൽ എനിക്ക് കൂടുതൽ ഉത്തരവാദിത്വം ഉള്ളതായി തോന്നി. അതിനാൽ ഫോമായിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ അരക്കിട്ടുറപ്പിക്കാനും എല്ലാവരുടെയും താൽപ്പര്യങ്ങൾക്ക് പരിഗണന കൊടുക്കുവാനും Picture3

ഫോമായുടെ പ്രവർത്തനം കൂടുതൽ സുതാര്യവും പ്രയോജനകരവും ആക്കുവാനും സെക്രട്ടറി സ്ഥാനാർഥിയായ ഞാനും ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ ബിജു ചാക്കോയും യോജിച്ചു പ്രവത്തിക്കാമെന്നു ഉറപ്പു നൽകുന്നു. സാധാരണ രീതിയിൽ സംഘടനകളിൽ ജോയിന്റ് സെക്രട്ടറിമാർക്ക് അത്ര വലിയ പണിയോ ഉത്തരവാദിത്വമോ ഇല്ല എന്ന അവസ്ഥയാണ് കാണാറുള്ളത്. എന്നാൽ ഫോമായിൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്ന വേർതിരിവില്ലാതെ ഒരേ ഉത്തരവാദിത്വത്തോടെ രണ്ടു പേരും കൂട്ടായ പ്രവർത്തനം കാഴ്ച വയ്ക്കണം എന്നാണ് താൽപര്യപ്പെടുന്നത്. ടെക്നോളജി പുരോഗമിച്ചിരിക്കുന്ന ഈക്കാലത്ത് ഫോമായിൽ മീറ്റിംഗുകളുടെ മിനുറ്റ്സും റിപ്പോർട്ടുകളും മറ്റും ക്ലൗഡ് ബെയ്‌സ്ഡ് ഡാറ്റായിൽ ഉൾപ്പെടുത്താനാണ് ഞങ്ങളുടെ ഉദ്ദേശം. അങ്ങനെയായാൽ ഭാവിയിൽ വരുന്ന എല്ലാ സെക്രട്ടറിമാർക്കും ജോയിന്റ് സെക്രട്ടറിമാർക്കും മുഴുവൻ ഡാറ്റയും റിപ്പോർട്ടുകളും കാണുവാനും അതനുസരിച്ചു അവരുടെ പ്രവർത്തന മികവ് വരുത്തുവാനും ഫോമായുടെ പ്രവർത്തനം കൂടുതൽ ഭംഗിയാക്കുവാനും സാധിക്കും. അക്കൗണ്ടിംഗ് സിസ്റ്റവും അങ്ങനെയാക്കാൻ ട്രഷറർ, ജോയിന്റ് ട്രഷറർ സ്ഥാനാർഥികളായ ജോഫ്‌റിനും ബബ്ലുവും ആഗ്രഹിക്കുകയാണ്. അങ്ങനെ ഫോമായുടെ പുരോഗമനം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അതിനു നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.” സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ പറഞ്ഞു.

“ഐകമത്യം മഹാബലം എന്നാണല്ലോ ചൊല്ല്. ഒറ്റക്കെട്ടായി നിന്നാൽ ശക്തമായ പ്രവർത്തനം കാഴ്ച വയ്ക്കാം എന്നതിൽ തർക്കമില്ല. അതിപ്പോൾ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. “ഫോമാ ഫാമിലി ടീം” ആയി ഞങ്ങൾ ആറ് പേരും ഒരുമിച്ചു പ്രവർത്തിക്കുന്നതിനാൽ ഞങ്ങളുടെ വിജയത്തിലുള്ള വിശ്വാസം വർധിച്ചിരിക്കുകയാണ്. മുന്നോട്ടുള്ള ഫോമയുടെ പ്രവർത്തനത്തിലും ഞങ്ങളുടെ ടീം ഒരുമിച്ചു നിന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനം എടുത്തിരിക്കുകയാണ്. അതിനു നിങ്ങളെല്ലാവരും സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നിങ്ങളിലാണ് ഞങ്ങളുടെ വിശ്വാസം. ജോയിന്റ് സെക്രട്ടറി എന്ന ഒരു പദവി മാത്രം സ്വീകരിച്ച് സെക്രട്ടറി എല്ലാക്കാര്യവും ചെയ്തു കൊള്ളട്ടെ എന്ന് ചിന്തിക്കാൻ ഞാൻ ഒരിക്കലും താല്പര്യപ്പെടുന്നില്ല. സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂരും ഞാനും ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. ഫോമയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ പ്രവർത്തിക്കുവാൻ അവസരം ലഭിക്കുമ്പോൾ ഒറ്റക്കെട്ടായി ഒരുമിച്ചു നിന്ന് സംഘടനയുടെ നന്മക്കായി പ്രവർത്തിക്കാം എന്നാണു തീരുമാനം. അതോടൊപ്പം ഫാമിലി ടീം അംഗങ്ങളായ ഞങ്ങളാരും സമീപ കാലത്ത് ഫോമായുടെ ഒരു ഔദ്യോഗിക സ്ഥാനത്തേക്കും വീണ്ടും മത്സരിക്കുകയില്ല എന്ന ഉറപ്പും നിങ്ങളേവർക്കും നൽകുന്നതിലും സന്തോഷമുണ്ട്. മത്സരാർഥികളായ ഞങ്ങൾ ആറ് പേരും വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഞങ്ങളുടെ ഐക്യത പ്രശംസനീയമായിരുന്നു. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോഴും ഇതേ ഐക്യത ശക്തമായി തുടരുക തന്നെ ചെയ്യും. നിങ്ങൾ എല്ലാവരും വിലയേറിയ വോട്ടുകൾ ഞങ്ങൾക്ക് തന്ന് ഒറ്റക്കെട്ടായി ഞങ്ങളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ ടീമിലുള്ള മറ്റ് നാല് സ്ഥാനാർഥികൾ – പ്രസിഡൻറ് ജെയിംസ് ഇല്ലിക്കൽ, ട്രഷറർ ജോഫിൻ ജോസ്, വൈസ് പ്രസിഡൻറ് സിജിൽ പാലക്കലോടി, ജോയിന്റ് ട്രഷറർ ബബ്ലൂ ചാക്കോ. മൂന്നാം തീയതി എല്ലവരേയും കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ കാണണം എന്ന പ്രതീക്ഷിക്കുന്നു”ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ എല്ലവരോടുമായി അഭ്യർഥിച്ചു.

Report :  മാത്യുക്കുട്ടി ഈശോ

 

Leave Comment