86.79 ലക്ഷം വരുമാനം
ഉല്ലാസയാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ യാത്ര സാധ്യമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ആരംഭിച്ച ആനവണ്ടി യാത്ര ജനപ്രിയമാകുന്നു. 2021 നവംബര്‍ 14ന് നെല്ലിയാമ്പതിയിലേക്കാണ് യാത്ര ആരംഭിച്ചത്. പാലക്കാട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. കഴിഞ്ഞ എട്ടുമാസത്തിനിടെ നെല്ലിയാമ്പതിയിലേക്ക് മാത്രമുള്ള 167 യാത്രകളിലായി ആറായിരത്തിനടുത്ത് സഞ്ചാരികള്‍ ആനവണ്ടി യാത്രയില്‍ പങ്കാളികളായി. ആകെ 190 യാത്രകളില്‍നിന്നായി 86,79,000 വരുമാനവും നേടി.
നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രയും ശ്രദ്ധേയമാണ്. കേരള സ്‌റ്റേറ്റ് ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ജി.എസ്.എ. അവാര്‍ഡില്‍ രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. നെഫര്‍റ്റിറ്റി യാത്രയുടെ ഭൂരിഭാഗം സംഭാവനയും പാലക്കാടിന്റേതായിരുന്നു. ആകെ നെഫര്‍റ്റിറ്റി യാത്ര നടത്തിയതില്‍ 60 ശതമാനവും പാലക്കാട് യൂണിറ്റില്‍നിന്നുമാണ്. 42 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. 1200 യാത്രികര്‍ പങ്കാളികളായി. എല്ലാത്തരം ആളുകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.മൂന്നാര്‍, നെല്ലിയാമ്പതി, നാലമ്പല ദര്‍ശനം, സാഗര്‍റാണി യാത്ര, പറമ്പിക്കുളം, വണ്ടര്‍ല, ഗ്രാമയാത്ര എന്നിങ്ങനെ നടത്തിയ 190 യാത്രകളില്‍ 8172 പേരാണ് പങ്കെടുത്തത്. 86 ലക്ഷത്തിലധികം രൂപ വരുമാനം നേടിയതോടെ സംസ്ഥാനത്തെ മികച്ച യൂണിറ്റായി പാലക്കാട് മാറി. കൂടാതെ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഗ്രാമയാത്രയും സംഘടിപ്പിച്ചിരുന്നു. കല്‍പ്പാത്തി അഗ്രഹാരത്തില്‍നിന്നും ആരംഭിച്ച് ഇഡലി കൊണ്ട് പ്രശസ്തമായ രാമശ്ശേരിയിലൂടെ തസ്രാക്കിലെ ഒ.വി. വിജയന്റെ എഴുത്തുപുരയും ചുള്ളിയാര്‍ ഡാമും മുതലമടയും കണ്ടാണ് യാത്ര അവസാനിച്ചത്. മികച്ച പ്രതികരണമാണ് ഗ്രാമയാത്രയ്ക്ക് ലഭിച്ചത്.

Leave Comment