അടിയന്തിര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം (30/08/2022)

Spread the love

പേവിഷ വാക്‌സിന്റെ നിലവാരത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു. തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം രണ്ടു വര്‍ഷമായി ക്രമാതീതമായി വര്‍ധിക്കുകയാണ്. നേരത്തെ വാക്‌സിന്‍ ഫലപ്രദമായിരുന്നു. അതുകൊണ്ടു തന്നെ മരിക്കുന്നവരുടെ എണ്ണവും കുറവായിരുന്നു. 2020 മുതലാണ് കടിയേല്‍ക്കുന്നവര്‍ മരിച്ച സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. പ്രായമായവരും കുട്ടികളും സ്ത്രീകളും വീടിന് പുറത്തേക്ക് ഇറങ്ങാന്‍ ഭയപ്പെടുകയാണ്.

ആന്റി റാബിസ് വാക്‌സിന് ഗുണനിലാവാരം ഇല്ലാത്തതതും വിതരണം നടക്കാത്തതും കൃത്യസമയത്ത് വാക്‌സിന്‍ വാങ്ങാന്‍ നടപടി സ്വീകരിക്കാത്തതുമാണ് മരണ നിരക്ക് കൂടാന്‍ കാരണം. മുന്‍കാലങ്ങളില്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂണില്‍ വാക്‌സിന്‍ വിതരണത്തിന് എത്തുമായിരുന്നു. എന്നാല്‍ ഇത്തവണ ജൂണ്‍ ആറിന് മാത്രമാണ് പേവിഷ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വാങ്ങാനുള്ള നടപടി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ആരംഭിച്ചത്. സെന്‍ട്രല്‍ ലബോറട്ടറിയില്‍ പരിശോധിച്ച് ഫലപ്രാപ്തി പൂര്‍ണമായും ബോധ്യപ്പെടാത്ത വാക്‌സിന്‍ വിതരണം സംസ്ഥാനത്തുണ്ടായി.

വാക്‌സിൻ എടുത്തിട്ടും പേവിഷ ബാധ ...

വാക്‌സിന്‍ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് വിന്‍സ് ബയോ പ്രോഡക്ട് ലിമിറ്റഡ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധിക്കാത്ത മരുന്ന് വിതരണം ചെയ്യുന്നത് വിവാദമായപ്പോള്‍ വാക്‌സിന്‍ തമിഴ്‌നാട്ടില്‍ നിന്നും ഗുണനിലവാരമില്ലാത്ത വാക്‌സിന്‍ എത്തിച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് ഫലപ്രാപ്തി തെളിയിക്കാത്ത വാക്‌സിന്‍ വിതരണം ചെയ്യേണ്ട സാഹചര്യമുണ്ടായത്. നിലവാരമില്ലാത്ത വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാക്‌സിന്‍ എടുത്തിട്ടും മരിച്ചവര്‍ക്ക് നല്‍കിയ വാക്‌സിന്‍ ഗുണനിലവാരം ഉള്ളതായിരുന്നോയെന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല. വാക്‌സിന്‍ എടുത്തവര്‍ക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി നായ്ക്കളെ സ്റ്റെര്‍ലൈസ് ചെയ്യുന്നില്ല. എബിസി പദ്ധതിയും സംസ്ഥാനത്ത് നടക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ടെടുത്ത് ഇതൊന്നും ചെയ്യാനാകില്ല. അതുകൊണ്ടാണ് നായ്ക്കളുടെ കടി ഏല്‍ക്കുന്നവരുടെയും അതേത്തുടര്‍ന്ന് മരിക്കുന്നവരുടെയും എണ്ണം ഭയാനകമായി കൂടുന്നത്. മാലിന്യം വര്‍ധിക്കുന്നതും തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ പദ്ധതികളും എബിസി പ്രോഗ്രാമും നടപ്പാക്കുന്നതിലും ഗുണനിലവാരമുള്ള വാക്‌സിന്‍ വിതരണം ചെയ്യുന്നതിലും ഗുരുതരമായ വീഴ്ചയുണ്ടായി. വീഴ്ചകള്‍ മനസിലാക്കി അവ പരിഹരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.

 

Author