വഖഫ് നിയമം പിന്‍വലിക്കാനുള്ള തീരുമാനം പ്രതിപക്ഷ പോരാട്ടത്തിന്റെ വിജയം

Spread the love

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട ബില്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷത്തിന്റെയും യു.ഡി.എഫിന്റെയും വിജയമാണ്. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് വാശിയോടെ ബില്‍ പാസാക്കുകയും ശേഷം നിയമസഭയില്‍ മന്ത്രി ലഡു വിതരണം ചെയ്തു. പ്രതിപക്ഷത്തിന്റെ വാദങ്ങളെ പരിഹസിച്ചാണ് മന്ത്രി പ്രസംഗിച്ചത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന നിര്‍ദ്ദേശം വന്നപ്പോഴും സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക റിക്രൂട്ടിമെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടാല്‍ ഉണ്ടാകുന്ന അതേ പ്രശ്‌നങ്ങള്‍ വഖഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടാലും ഉണ്ടാകും. അതുകൊണ്ട് വഖഫ് നിയമനത്തിന് പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ബില്‍ പിന്‍വലിക്കണമെന്ന് മുസ്ലീംലീഗ് ശക്തമായി ആവശ്യപ്പെടുകയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫിലെ മറ്റ് കക്ഷികള്‍ പിന്തുണയ്ക്കുകയും ചെയ്തു. ബില്‍ പിന്‍വിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച മുഖ്യമന്ത്രി, ലീഗിനോ കോണ്‍ഗ്രസിനോ ഇതില്‍ പങ്കില്ലെന്ന മട്ടിലാണ് സംസാരിച്ചത്. സര്‍ക്കാരിന് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ അംഗീകരിച്ചെന്ന് പറയുന്നതില്‍ ദുരഭിമാനമാണ്. നിയമസഭയ്ക്കകത്തും പുറത്തും യു.ഡി.എഫ് നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് വഖഫ് നിയമം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

സംഘടനാ തെരഞ്ഞെടുപ്പില്‍ യോഗ്യതയുള്ള ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാമെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഗുലാംനബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന് ശേഷം മോദി ഭക്തനായി മാറിയതോടെ അദ്ദേഹം രാജിക്കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും പ്രസക്തി ഇല്ലാതായി. ഗാന്ധി കുടുംബത്തിലെ ആരും മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമല്ല, ജനാധിപത്യമുള്ള പാര്‍ട്ടിയാണ്. പല പാര്‍ട്ടികളും പല രീതിയിലാണ് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. സി.പി.എമ്മില്‍ പാനല്‍ അവതരിപ്പിച്ചാണ് തെരഞ്ഞെടുപ്പ്. പണ്ട് ഔദ്യോഗിക പാനലും എതിര്‍ പാനലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നും ഇല്ല. ഒറ്റ പാനല്‍ മാത്രമെയുള്ളൂ. ഔദ്യോഗിക പാനല്‍ അല്ലാതെ ആരെങ്കിലും ജയിച്ചാല്‍ അതില്‍പ്പെട്ടവരെ എന്തെങ്കിലും കാരണം പറഞ്ഞ് പുറത്താക്കി മറ്റു ചിലരെ നാമനിര്‍ദ്ദേശം ചെയ്ത് ഭൂരിപക്ഷം ഇല്ലാത്ത പാനലിന് ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുക്കും. എന്നിട്ട് ഇതാണ് വലിയ ജനാധിപത്യമെന്ന് പഠിപ്പിക്കും. പക്ഷെ യോഗ്യതയുള്ള ആര്‍ക്ക് വേണമെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയത് സ്വാഗതം ചെയ്യപ്പെടേണ്ട പ്രഖ്യാപനമാണ്.

Author