മോദി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടും: പള്ളം രാജു

Spread the love

മോദി ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളും ദ്രോഹനടപടികളും ജനമധ്യത്തില്‍ തുറന്നുകാട്ടുക എന്ന ദൗത്യമാണ് ഭാരത് ജോഡോ പദയാത്രയിലൂടെ എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരിക്കുന്നതെന്നും മതേതര ജനാധിപത്യ ബോധമുള്ള എല്ലാവരെയും ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ കോണ്‍ഗ്രസ് ക്ഷണിക്കുന്നുവെന്നും എഐസിസി വക്താവ് പള്ളം രാജു.ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

വിലക്കയറ്റം,തൊഴിലില്ലായ്മ,പണപ്പെരുപ്പം ഉള്‍പ്പെടെ ബിജെപി ഭരണത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ എല്ലാ പ്രശ്‌നങ്ങളെ സംബന്ധിച്ച് ജനങ്ങളുമായി നേരിട്ട് രാഹുല്‍ ഗാന്ധി സംവാദം നടത്തും.മോഹനവാഗ്ദാനം നല്‍കി അധികാരത്തിലേറിയ മോദി ഭരണകൂടം ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകളാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചത്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബിജെപി സര്‍ക്കാര്‍ തകര്‍ത്തു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായി. വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങളെ മോദിയുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്ക് തീറെഴുതി നല്‍കി.

മോദി ഭരണകൂടം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഓരോന്നായി ചവിട്ടിമെതിക്കുകയാണ്. ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം സാധ്യമല്ലാതായി. ജനാധിപത്യത്തെ അട്ടിമറിച്ച് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ പണക്കൊഴുപ്പില്‍ ബിജെപി വിലയ്ക്കെടുക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു. ദളിതര്‍, ആദിവാസികള്‍, പിന്നാക്കക്കാര്‍ എന്നിവരുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു.ജാതി, മതം, പ്രദേശം, ഭാഷ, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരില്‍ സമൂഹത്തെ വിഭജിക്കുന്നു.ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരിക്കുക എന്ന ഗൂഢതന്ത്രമാണ് ബിജെപി പയറ്റുന്നത്. രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും ചോദ്യം ചെയ്യുന്നു. രാജ്യ സുരക്ഷപോലും അപകടത്തിലായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും പള്ളം രാജു പറഞ്ഞു.കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Author