പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പീച്ചി ഫെസ്റ്റ് ഡിസംബറില്‍
ഏഴു വര്‍ഷമായി നടത്താതിരുന്ന പീച്ചി ഫെസ്റ്റ് ഈ വര്‍ഷം ഡിസംബറില്‍ നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഡിസംബര്‍ മാസം അവസാനത്തെ പത്ത് ദിവസം നാടും നഗരവും ഒരുമിച്ച് പീച്ചിയില്‍ എത്തിച്ചേരുന്ന വിധത്തില്‍ ശ്രദ്ധേയമായ രീതിയില്‍ പീച്ചി ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഡിടിപിസിയും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പീച്ചി ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പീച്ചി ഫെസ്റ്റ് നടത്തുക. കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുംവിധമുള്ള ആഘോഷ പരിപാടികളായിരിക്കും ഫെസ്റ്റിന്റെ ഭാഗമായി നടക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതിന് മുന്നോടിയായി സെപ്റ്റംബറില്‍ തന്നെ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മികച്ച ടൂറിസം കേന്ദ്രമായി പീച്ചിയെ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
പീച്ചിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ മോഡല്‍ ഐ.ടി.ഐ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പീച്ചിയിലെ വില്ലേജ് റിസര്‍വിലുള്ള നാലേ മുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് മോഡല്‍ ഐ.ടി.ഐ സ്ഥാപിക്കുക. ഇതിനുള്ള നടപടികള്‍ ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള ഐ.ടി.ഐ വരുന്നതോടെ പീച്ചിയുടെ മുഖച്ഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.
ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പീച്ചി ഗേറ്റിന് സമീപത്തു നിന്നും ആരംഭിച്ച വര്‍ണശബളമായ ഘോഷയാത്ര പീച്ചിയുടെ ഓണ വരവിന്റെ മാറ്റുക്കൂട്ടി. ആഘോഷത്തിന്റെ ഭാഗമായി പീച്ചിയും പരിസരപ്രദേശങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ഡാമിന്റെ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം മന്ത്രി നിര്‍വഹിച്ചു. തൈവമക്കള്‍ അവതരിപ്പിച്ച നാടന്‍പാട്ടും നാടന്‍കലകളും വേദിയില്‍ അരങ്ങേറി. സെപ്റ്റംബർ 11 വരെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

Leave Comment