സംഗീതത്തിന്റെ മായിക ലോകം തീർത്ത് അനൂപ് ശങ്കറും സംഘവും

Spread the love

സംഗീതത്തിന്റെ മായിക ലോകം തീർത്ത് അനൂപ് ശങ്കറും സംഘവും. വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാഭരണ കൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ അരങ്ങേറിയ മ്യൂസിക്ക് ഷോ സംഗീത സാന്ദ്രമായി.
‘വെള്ളാര പൂമലമേലെ’ എന്ന ഗാനവുമായി പ്രശസ്ത ഗായകൻ അനൂപ് ശങ്കർ ആദ്യം വേദിയിലെത്തി. ‘ശങ്കരാ നാദ ശരീര പര’, ‘അനുരാഗ ഗാനം പോലെ’, ‘മാനെ മധുരകരിമ്പെ’, ‘മാങ്കുയിലെ പൂംങ്കുയിലെ’ തുടങ്ങിയ നിരവധി ഗാനങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.
പരിപാടിയിൽ അഞ്ച് ഭാഷകളിൽ നിന്നുള്ള ഗാനങ്ങളാണ് പ്രേക്ഷകർക്കായി ഒരുക്കിയത്. പ്രമുഖ ഗായിക അഞ്ജു ജോസഫിന്റെ ശബ്ദ മാധുര്യത്തിൽ ‘ചന്ദ്രലേഖാ’ എന്ന ഗാനം ആലപിച്ചപ്പോൾ സദസ്സ് ആവേശത്തലായി.
കാണികളുടെ ഇഷ്ട്ട ഗാനങ്ങൾ ചോദിച്ചറിഞ്ഞു അനൂപ് ഓരോന്നായി പാടിയപ്പോൾ ബീച്ചിനെ പൊതിഞ്ഞ അനേകായിരങ്ങൾ കയ്യടികളും ആർപ്പുവിളികളുമുയർത്തി. പരിപാടിക്കായി സുരക്ഷാവിന്യാസം തീർക്കുന്ന പോലീസ് സേനയെ ആദരിച്ച് ‘ദേവദൂതർ പാടി’ എന്ന ഗാനം അനൂപ് ആലപിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ഡോ. എ. ശ്രീനിവാസ്, സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ എ. ഉമേഷ് എന്നിവരെയും പോലീസ് അംഗങ്ങളെയും വേദിക്ക് മുന്നിൽലെത്തിച്ചായിരുന്നു പ്രകടനം.
സഹ ഗായകരായ റഫീഖ്, രേഷ്മ രാഘവേന്ദ്ര, തോജൻ വർഗീസ് എന്നിവരുടെ പ്രകടനവും ആഘോഷരാവിന്റെ മാറ്റ് കൂട്ടി. ഫ്ലൂട്ട് ഇൻസ്ട്രുമെന്റിൽ അഭിജിത്തും വിനീത് കീ ബോർഡിലും നിതിൻ, ജോസി എന്നിവർ ഗിറ്റാറിലും മാന്ത്രികത തീർത്തപ്പോൾ അനു കാർത്തിക് റിഥം പാഡിലും ഷോമി ഡ്രംസിലും ആവേശമുയർത്തി.