നൂറു വർഷം പിന്നിടുന്ന കേരള നിയമസഭാ ലൈബ്രറി അതിലെ വിഭവ വൈവിധ്യവും അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരവും കൊണ്ട് ലോകത്തിന് മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
ഒരു വർഷം നീണ്ടു നിൽക്കുന്ന നിയമസഭാ ലൈബ്രറിയുടെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ഉത്തര മേഖലാ തല പരിപാടി കോഴിക്കോട് നടക്കാവ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
പുരാതനവും അമൂല്യവുമായ രേഖകളുടെ ശേഖരവും നിയമസഭാ രേഖകളും മറ്റ് ചരിത്ര ഗ്രന്ഥങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്കും ഗവേഷകർക്കും അധ്യാപകർക്കും കോളേജ് വിദ്യാർഥികൾക്കും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
1,50,000 പുസ്തകങ്ങൾ, 20 പത്രങ്ങൾ, 150 ആനുകാലികങ്ങൾ ഉള്ള സംസ്ഥാനത്തെ ബൃഹത്തായ ഗ്രന്ഥ ശേഖരമാണ് നിയമസഭാ ലൈബ്രറിയിലുള്ളത്. ഇത് ഗവേഷകർക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഉപയോഗപ്പെടും.
നമ്മുടെ സാമൂഹ്യ പുരോഗതിക്കായി നവോത്ഥാന നായകർ ഗ്രന്ഥാലയങ്ങളെയും സ്‌കൂളുകളെയുമാണ് പരിപോഷിപ്പിച്ചത്. ഇത് നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് നിദാനമായി. സാമാന്യ ജനങ്ങളുടെ ബൗധിക വികാസത്തിനും പൊതുജീവിതത്തിന്റെ ഉന്നത മൂല്യത്തിനും ഗ്രന്ഥശാലകൾ വലിയ പങ്കാണ് വഹിച്ചത്. 1829ൽ തിരുവനന്തപുരത്താണ് കേരളത്തിൽ ആദ്യമായി പൊതു ഗ്രന്ഥശാലയ്ക്ക് തുടക്കമായത്. തുടർന്ന് അമ്പലപ്പുഴ, മാർത്താണ്ഡം, തൊടുപുഴ, പത്മനാഭപുരം എന്നിവിടങ്ങളിൽ ഗ്രന്ഥശാലകൾ സ്ഥാപിതമായി. നവോത്ഥാന മൂല്യങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും ഗ്രന്ഥശാലകൾ വലിയ പങ്കാണ് വഹിച്ചതെന്ന് സ്പീക്കർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ആയുധം പുസ്തകങ്ങളാണെന്നും വായനയെ പോഷിപ്പിക്കാൻ കുട്ടികൾക്ക് ടാർജറ്റ് നൽകണമെന്നും സ്പീക്കർ പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായി ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വസതി രാവിലെ സന്ദർശിക്കുകയും അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുകയും ചെയ്തു. തുടർന്ന് എം.ടി. വാസുദേവൻ നായരുടെ വസതി സന്ദർശിച്ച് അദ്ദേഹത്തെ സ്പീക്കർ ആദരിച്ചു.

Leave Comment